ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജോസ് വിഭാഗത്തിന്റെ കേസുകൾ കോട്ടയം മുൻസിഫ് കോടതി തള്ളി

കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത തീരുമാനത്തിനെതിരെ നൽകിയ ഹർജി കോട്ടയം മുൻസിഫ് കോടതി തള്ളി. ജോസ് കെ.മാണിയെ ചെയർമാനായി പ്രഖ്യാപിച്ച യോഗം വിളിച്ചു ചേർത്തവർക്കെതിരെ സ്വീകരിച്ച നടപടിയാണ് കോടതി ശരിവെച്ചത്

നാളെ സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി വിഭാഗത്തിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടിയുണ്ടായത്. സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, കെ.ഐ ആൻറണി തുടങ്ങി 29 നേതാക്കളെ പുറത്താക്കിയതിനെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. ജോസ് കെ.മാണിയെ ചെയർമാനായി പ്രഖ്യാപിച്ച സംസ്ഥാന കമ്മറ്റി യോഗം വിളിച്ചു ചേർത്തതിനെ തുടർന്നാണ് പിജെ ജോസഫ് ഇവർക്കെതിരെ നടപടിയെടുത്തത്.

താത്ക്കാലിക ചെയർമാൻ പദവി വഹിക്കുന്ന പി ജെ ജോസഫിന് അച്ചടക്ക നടപടികൾ എടുക്കാൻ അധികാരമില്ലെന്നായിരുന്നു ജോസ് വിഭാഗത്തിൻറെ വാദം. എന്നാൽ അച്ചടക്ക നടപടി ശരിവച്ച കോടതി ഹർജി തള്ളുകയായിരുന്നു. ജോസ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫാണ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചതിന് എതിരെ നൽകിയ ഹർജി കഴിഞ്ഞ ദിവസം ജോസ് കെ മാണി പക്ഷം പിൻവലിച്ചിരുന്നു. കട്ടപ്പന തൊടുപുഴ കോടതികളിൽ നിന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തുടർച്ചയായി ജോസഫിന് അനുകൂലമായ ഉത്തരവുകൾ ഉണ്ടായിരുന്നു. ഇതിനിടെ ജോസ് പക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് കോട്ടയം മുൻസിഫ് കോടതിയുടെ നടപടി.

Story Highlights- Jose K Maniനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More