പാലക്കാട് 12 വയസുകാരൻ കാറിടിച്ചു മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ നരഹത്യകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് ഇരട്ടക്കുളത്ത് 12 വയസുകാരൻ കാറിടിച്ചു മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ നാസറിനെ മനഃപൂർവമായ നരഹത്യകുറ്റം ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചികിത്സ കിട്ടാതെ കുട്ടി മരിക്കാനിടയായ സംഭവത്തിൽ കാറിന്റെ ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്ന കാറിലുണ്ടായിരുന്നവരുടെ വാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പാലക്കാട് ഇരട്ടക്കുളത്ത് 12 വയസുകാരൻ നല്ലേപ്പള്ളി സുജിത്തിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അപകടമുണ്ടാക്കിയ കാറിൽ കയറ്റി പ്രദേശവാസിയടക്കം പാലക്കാട് ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവർ ഇരുവരേയും വഴിയിൽ ഇറക്കി വിടുകയായിരുന്നു.
പിന്നീട് അൽപ്പസമയത്തിന് ശേഷം കുട്ടിയെ മറ്റൊരു വാഹനത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിക്കുകയായിരുന്നു. ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടതെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ വാദം. ഇത് കള്ളമാണെന്നു പൊലീസ് കണ്ടെത്തി. തുടർന്നാണ് മനഃപൂർവമായ നരഹത്യകുറ്റം ചുമത്തി അപകടസമയം കാർ ഓടിച്ച ഡ്രൈവർ പുത്തനത്താണി സ്വദേശി നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള KL 55 Q 5366 രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറാണ് അപകടമുണ്ടാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here