സമയം തെറ്റിയെത്തിയ വിമാനയാത്രികന് തുണയായി പൊലീസ് ഉദ്യോഗസ്ഥൻ: പണം നൽകി സഹായിച്ച് എസ്‌ഐ ഹാറൂൺ

സമയം തെറ്റിയെത്തിയ വിമാനയാത്രികനെ സഹായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. പുലർച്ചെയുള്ള വിമാനത്തിൽ കയറാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ യുവാവെത്തിയത് ഉച്ചക്കാണ്. രാവിലെ ഒരു മണിയുടെ വിമാനം ഉച്ചക്ക് ഒരു മണിക്കാണെന്ന് കരുതിയാണ് സുഹൈൽ എന്ന യുവാവ് നെടുമ്പാശേരി എത്തിയത്.
വേറെ വിമാനത്തിൽ ടിക്കറ്റെടുക്കാൻ യുവാവിന്റെയും സുഹൃത്തിന്റെയും കൈയിൽ പണമുണ്ടായിരുന്നില്ല. എന്നാൽ ഇവരെ സഹായിച്ചത് ഒരു പൊലീസുകാരനാണ്. അദ്ദേഹത്തിന് മനം നിറഞ്ഞ നന്ദിയറിച്ച് യുവാവിന്റെ സുഹൃത്തിട്ട പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
Read Also: ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’
കുറിപ്പ്:
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്ന് സുഹൃത്ത് സുഹൈൽ പഴഞ്ഞിയ്ക്ക് കുവൈറ്റിൽ പോകാനുള്ള ഫ്‌ളൈറ്റ് മിസ്സായിരുന്നു. പുലർച്ചെ ഒരു മണിക്ക് പോകുന്ന ഫ്‌ളൈറ്റിന് ഉച്ചക്ക് ഒരു മണി ആണെന്ന് കരുതി നേരം വൈകി വന്നു.
വിമാനം പോയിട്ട് മണിക്കൂറുകളായെന്ന് വിവരം കിട്ടി. വൈകിട്ടുള്ള അടുത്ത ഫ്‌ളൈറ്റിന് പോകാൻ കയ്യിൽ പണമില്ലായിരുന്നു. എടിഎം കാർഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകൾ സ്വീകരിക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ് ഓഫീസിലുള്ളവർ പറഞ്ഞപ്പോഴാണ് ശരിക്കും പെട്ടുവെന്ന് മനസിലായത്.
ഞങ്ങളാരും എടിഎം കാർഡ് എടുത്തില്ലാർന്നു. പലരോടും സഹായം ചോദിച്ച് കൈ മലർത്തി നിൽക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തിൽ എയർപോർട് പോലിസ് സബ് ഇൻസ്‌പെക്ടർ എടി ഹാറൂൺ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്. കേരള പൊലിസിൽ ഇതുപോലെ നല്ല ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
ടിക്കറ്റ് കയ്യിൽ കിട്ടി സമാധാനത്തോടെ ആ പണം അദ്ദേഹത്തിന് ട്രാൻസ്ഫർ ചെയ്യുന്നതിനിടയ്ക്ക് ഇദ്ദേഹം പെരുമ്പാവൂർ സ്വദേശിയാണും, ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായിരുന്ന അന്തരിച്ച ടിപി ഹസ്സന്റെ കുടുംബാംഗമാണെന്നുമുള്ള വിവരം അറിയാൻ കഴിഞ്ഞു.
‘ഹാപ്പിയായില്ലേ എന്നാൽ പൊയ്‌ക്കോളൂ’ എന്ന് അദ്ദേഹം പറഞ്ഞപ്പോ ‘ഹാപ്പിയായില്ല ഞങ്ങൾക്കൊരു പടം വേണം’ എന്ന് പറഞ്ഞ് എടുത്തതാണിത്.
അന്നേരം കൂടെയുള്ള മറ്റ് പൊലിസുകാർ പറഞ്ഞത് ഇങ്ങനെ ‘ഇതിവിടെ സ്ഥിരം സംഭവാണ്, ഹാറൂൺ സാറിന് പണം തിരികെ കിട്ടാത്ത സഹായങ്ങളുടെ കണക്ക് പറയാതിരിക്കുന്നതാ നല്ലത്’ എന്ന്. ഞാനറിയാത്ത ഇനി കാണാൻ ഒരുപക്ഷേ സാധ്യതയില്ലാത്ത ആ എസ്‌ഐ സാറിന് മനംനിറഞ്ഞ നന്ദി.
പൊലീസുകാരനൊപ്പമുള്ള ‘ഹാപ്പി’ സെൽഫിയും കുറിപ്പിനൊപ്പമുണ്ട്.
help from police man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here