പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷന് തീയിട്ടു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. മുർഷിദാബാദ് ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാർ തീയിട്ടത്. ബെൽദങ്ങ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിച്ചതായും റിപ്പോർട്ടുണ്ട്.

പ്രതിഷേധക്കാർ അപ്രതീക്ഷിതമായാണ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതെന്ന് മുതിർന്ന ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനും മൂന്ന് നില കെട്ടിടത്തിനുമാണ് തീയിട്ടത്. തടയാൻ ശ്രമിച്ച റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ മിക്കയിടങ്ങളിലും പ്രതിഷേധക്കാർ ട്രെയിൻ ഗതാഗതം തടസപ്പെടുത്തി.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അസമിൽ ബിജെപി എംഎൽഎയുടെ വീടിന് പ്രക്ഷോഭക്കാർ തീയിട്ടിരുന്നു. അസമിൽ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top