KL-51-A-5844 രാത്രി വഴിയിൽ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകൾക്ക് തുണയായി ഒരു ഓട്ടോറിക്ഷ

KL-51-A-5844 ഈ ഓട്ടോ നമ്പറിന് മനുഷ്യത്വത്തിന്റെ മുഖമാണ്. അപകടം പറ്റി രക്തം വാർന്ന് സഹായത്തിനാരുമില്ലാതെ വഴിയിൽ കിടക്കുന്ന മനുഷ്യർക്കും, രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും രക്ഷയ്ക്കായി ഗോപിയും ഗോപിയുടെ ‘ ഷീ ഓട്ടോയും’ പറന്നെത്തും. പാലക്കാട് ലക്കിടിയിൽ ഏത് അർധരാത്രിയും നിങ്ങൾ ഒറ്റപ്പെട്ട് പോയാൽ ഈ മനുഷ്യൻ യാതൊരു മടിയും കൂടാതെ എത്രയും വേഗം സ്ഥലത്തെത്തുമെന്ന് പാലക്കാട്ടുകാരുടെ സാക്ഷ്യം…
വർക് ഷോപ്പ് മെക്കാനിക്കായിരുന്ന ഗോപി ഈ ജീവിതവഴിയിലെത്തുന്നത് യാദൃശ്ചികമായല്ല…അതിന് പിന്നിൽ കണ്ണീരുപ്പ് ചാലിച്ച ഒരു കഥയുണ്ട്….
ഗോപിയുടെ ജീവിതത്തെ മാറ്റി മറിച്ച പകൽ…
ഒമ്പത് വർഷം മുമ്പാണ്…സ്വന്തമായി നടത്തിയിരുന്ന വർക്ക്‌ഷോപ്പിലേക്ക് സാധനങ്ങൾ വാങ്ങാൻ പാലക്കാട് ടൗണിലേക്ക് പോയതാണ് ഗോപി. സാധനങ്ങളെല്ലാം വാങ്ങി വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി പോകാനൊരുങ്ങിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ ഗോപിയെയും ഗോപിയുടെ സ്വപ്‌നങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു..
ഇരുപത് മിനിറ്റോളമാണ് ഗോപി പാലക്കാട് ടൗൺ സ്റ്റാൻഡിന് മുന്നിൽ ചോരയൊലിപ്പിച്ച് കിടന്നത്. അപകടത്തിന്റെ ചിത്രങ്ങളും വീഡിയോയും പകർത്താൻ ആയിരം കൈകൾ നീണ്ടുവെങ്കിലും തന്റെ ജീവൻ രക്ഷിക്കാനോ തന്നെ ആശുപത്രിയിലെത്തിക്കാനോ ആരും മുന്നിട്ടിറങ്ങിയില്ലെന്ന് ഗോപി പറയുന്നു. അപകടത്തിൽ ഗോപിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഗോപിയുടെ കാൽ മുറിഞ്ഞ് രണ്ട് കഷ്ണങ്ങളായിരുന്നു…
ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം എട്ട് മാസക്കാലമാണ് ചികിത്സയ്ക്കായി ഗോപിക്ക് ആവശ്യമായി വന്നത്. പിന്നീട് വർക്ക്‌ഷോപ്പ് അടച്ചു പൂട്ടി ബൈക്ക് വിറ്റാണ് ഗോപി ഓട്ടോ വാങ്ങുന്നത്.
തനിക്കുണ്ടായ ദുർവിധി മറ്റാർക്കും ഉണ്ടാവരുത് എന്ന് ഗോപി ഉറപ്പിച്ചു. അങ്ങനെയാണ് അപകടം പറ്റി വഴിയിൽ കിടക്കുന്നവർക്ക് രക്ഷകനായി ഗോപി മാറിയത്.
പിന്നീട് അപകടം നടന്നെന്ന് അറിയുമ്പോൾ തന്നെ നാട്ടുകാരും പൊലീസും ഗോപിയെ ഉടൻ വിളിച്ചറിയിച്ചുതുടങ്ങി…കാരണം ആരെത്തുന്നതിലും വേഗത്തിൽ ഗോപി സ്ഥലത്തെത്തുമെന്ന വിശ്വാസം പാലക്കാട്ടുകാർക്കുണ്ട്…
ഷീ ഓട്ടോയുടെ സാരഥി…
രാത്രി വഴിയിൽ ഒറ്റപ്പെടുന്ന സത്രീകൾക്കും തുണയാണ് ഗോപി. പാലക്കാട് ലക്കിടിയിൽ നിങ്ങൾ എന്നെങ്കിലും, അത് ഏത് സമയവും ആയിക്കൊള്ളട്ടെ, സഹായത്തിനായി ഗോപിയെ വിശ്വസിച്ച് വിളിക്കാം… വഴിയിൽ ഒറ്റപ്പെട്ട് പോയ നിരവധി സ്ത്രീകളെയും കുടുംബംഗളെയും ഗോപി ഇതിനോടകം സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്.
ഗോപിയോടുള്ള വിശ്വാസം കൊണ്ട് പൊലീസ് തന്നെയാണ് ഗോപിയെ ഷീ ഓട്ടോയുടെ സാരഥിയാക്കിയത്. മുമ്പ് കോയമ്പത്തൂർ നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ മംഗലം എന്ന പ്രദേശത്തുവച്ച് വണ്ടി ബ്രേക്ക് ഡൗണായി പ്രതിസന്ധിയിലായ കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചിരുന്നു ഗോപി. തൊട്ടടുത്ത ദിവസം തന്നെ കുടുംബം ഗോപിയെ നേരിട്ട് വന്നുകണ്ട് നന്ദി അറിയിച്ചു.
ഗോപിയുടെ വീട്ടിൽ ഭാര്യയും ഒമ്പത് വയസ്സും മൂന്നര വയസ്സുമുള്ള രണ്ട് കുട്ടികളുമുണ്ട്. അർധരാത്രിപോലും ചിലപ്പോൾ ഗോപിക്ക് സാഹയത്തിനായി പോകേണ്ടി വരാറുണ്ട്. ഗോപിക്ക് പൂർണപിന്തുണയാണ് കുടുംബം നൽകുന്നത്. സ്വന്തം കുടുംബം പോലെ പ്രധാനമാണ് തനിക്ക് സഹായത്തിനായി അപേക്ഷിക്കുന്ന സഹജീവികളുമെന്ന് ഗോപി പറയുന്നു.
കഴുകൻ കണ്ണുകൾ ചുറ്റുമുള്ള ഈ ലോകത്ത് സഹായഹസ്തവുമായി എത്തുന്ന ഇത്തരം സുമനസ്സുകൾ ഇരുളിലെ വെള്ളിവെളിച്ചം തന്നെയാണ്…പ്രപഞ്ചത്തിൽ നിന്ന് ഇനിയും നന്മ പൂർണമായും വറ്റിയിട്ടിലെന്ന പ്രതീക്ഷയാണ് ഗോപിയെ പോലുള്ളവർ നമുക്ക് നൽകുന്നത്.
Story Highlights – Life story, Lifestory, Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here