‘മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി

‘റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിക്കാൻ തയ്യാറാണ്. എന്നാൽ മാപ്പ് പറയില്ല. മാപ്പ് പറയാൻ തന്റെ പേര് സവർക്കർ എന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ സർക്കാരിനെതിരെ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാജ്യത്ത് മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. രാജ്യത്തെ ദ്രോഹിക്കുന്നത് ശത്രുക്കളല്ല പ്രധാനമന്ത്രിയാണ്. നരേന്ദ്രമോദി ഭരണഘടനയെ തകർത്തു. രാജ്യം സാമ്പത്തിക തകർച്ചയിലാണ്.
വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. വിലക്കയറ്റം ജനങ്ങളെ തകർത്തുവെന്നും പൗരത്വ ഭേദഗതി ബിൽ ജനങ്ങളെ ഭിന്നിപ്പിച്ചുവെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സ്ത്രീ പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ജാർഖണ്ഡിലെ റാലിയിൽ രാഹുൽ റേപ്പ് ഇൻ ഇന്ത്യ പരാമർശം നടത്തിയത്. ‘മേക്ക് ഇൻ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണ് കാണുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം. രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
story highlights- rahul gandhi, narendra modi, rape in india, amit shah. citizenship amendment bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here