ജോസഫ് വിഭാഗം ‘രണ്ടില’ നൽകാതെ വഞ്ചിച്ചെന്ന് ജോസ് കെ മാണി

പിജെ ജോസഫ് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നൽകാതെ വഞ്ചിച്ചെന്ന് ജോസ് കെ മാണി. ചിഹ്നവും പാർട്ടി മേൽവിലാസവും അവകാശപ്പെട്ടുള്ള തർക്കത്തിനിടെ കേരളാ കോൺഗ്രസ് (എം) ലെ ഇരുവിഭാഗങ്ങളും ഇന്ന് വ്യത്യസ്ത സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. പിജെ ജോസഫ് പക്ഷം തൊടുപുഴയിലും ജോസ് കെ മാണി വിഭാഗം കോട്ടയത്തുമാണ് യോഗം ചേരുന്നത്. തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ കൂടുതൽ പേർ ജോസഫ് വിഭാഗത്തിൽ ചേക്കേറുന്നത് തടയാനാണ് ജോസ് വിഭാഗം ഇന്ന് യോഗം ചേരുന്നത്.
ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയ ജോസ് കെ മാണി വിഭാഗം സമ്മർദ്ദ തന്ത്രവുമായി യുഡിഎഫിനെ സമീപിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുമ്പ് മത്സരിച്ച സീറ്റുകളിൽ ആളുകളെ നിർത്തും.
അതേസമയം, ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ തെറ്റ് തിരുത്തി മടങ്ങി വരണമെന്നും വന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം പറഞ്ഞു. ജോസ് വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടി കോട്ടയം മുൻസിഫ് കോടതി ശരി വച്ചതോടെ പാർട്ടിയുടെ അധികാരി പിജെ ജോസഫാണെന്ന് തെളിഞ്ഞു. സമാന്തര യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകി.
jose k mani, pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here