ശബരിമല വരുമാനത്തിൽ വർധനവ്; നടതുറന്ന് ഒരു മാസം പിന്നിടുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു

ശബരിമല വരുമാനത്തിൽ വൻ വർധനവ്. നട തുറന്ന് ഒരു മാസം പിന്നിടുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു. 6കോടിയിലധികം രൂപയുടെ നാണയം എണ്ണിത്തിട്ടപ്പെടുത്താനുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി എത്തുന്നത് ശബരിമല വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. വിവാദങ്ങൾ ഒഴിഞ്ഞതോടെ കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ 40കോടിയോളം രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്.
അപ്പം, അരവണ വിറ്റുവരവിൽ നിന്നാണ് കൂടുതൽ വരുമാനം. കാണിക്കയായി ലഭിച്ച തുക 35 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് 21 കോടിയായിരുന്നു. നാണയങ്ങൾ എണ്ണാൻ തിരുപ്പതി മാതൃക നടപ്പിലാക്കാൻ ഹൈക്കോടതിയുടെ അനുമതി ദേവസ്വം ബോർഡ് തേടിയിട്ടുണ്ട്. മണ്ഡല പൂജയിലേക്ക് കടക്കുന്നതോടെ സന്നിധാനത്ത് വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന എഴുപതിനായിരത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here