ഡല്‍ഹി ജാമിഅ മില്ലിയയില്‍ സംഘര്‍ഷം: വെടിവയ്പ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ വെടിവയ്പ്പ്. ഡല്‍ഹി പൊലീസ് നടത്തിയ വെടിവയ്പ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിചാര്‍ജിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. മൂന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകളും ഒരു ഫയര്‍ എന്‍ജിനും അഗ്‌നിക്കിരയായി.
സര്‍വകലാശാല ക്യാമ്പസില്‍ പൊലീസ് ഇരച്ചുകയറി. വൈകിട്ട് നാല് മണിയോടെയാണ് ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിഅ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസുകളും സ്വകാര്യ വാഹനങ്ങളും അഗ്‌നിക്കിരയായി. അതിനിടെ പൊലീസുകാര്‍ ബസ് കത്തിച്ചുവെന്ന മട്ടിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ജാമിഅ മില്ലിയ ക്യാമ്പസിലേക്ക് പൊലീസ് ഇരച്ചുകയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലൈബ്രറിയിലും ഹോസ്റ്റലിലും പൊലീസ് അതിക്രമം കാട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിഅ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഒട്ടേറെ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷ മേഖലയില്‍ ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്റെ സാന്നിധ്യം വിവാദമായി. ഇക്കാര്യത്തെ കുറിച്ചു അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.
അതേസമയം, മതവ്യത്യാസമില്ലാതെ മുഴുവന്‍ കുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടന്ന സമരത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here