പ്രണയത്തെ തുടർന്ന് പത്താം ക്ലാസില്‍ പഠനം മുടങ്ങി; വെല്ലുവിളികളെ അതിജീവിച്ച് നാല്‍പത്തിരണ്ടാം വയസ്സില്‍ അഭിഭാഷകയായി നീന

പത്താംക്ലാസില്‍ പഠനം  മുടങ്ങിയ എറണാകുളം വടുതല സ്വദേശിനി കെ ജി നീന നാല്‍പത്തിരണ്ടാം വയസ്സില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. വക്കീലോഫീസില്‍ ടൈപ്പിസ്റ്റായി ജോലി  കിട്ടിയപ്പോള്‍ തുടങ്ങിയ സ്വപ്‌നമാണ് ഒടുവില്‍ യാഥാര്‍ഥ്യമായത്. തുല്യതാ പരീക്ഷയിലൂടെ യോഗ്യതാ വെല്ലുവിളികളെ മറികടന്നാണ് നീന അഭിഭാഷക കുപ്പായം അണിഞ്ഞത്.

ജീവിതത്തിന്റെ ഗതിമാറ്റിയ പതിനാറാമത്തെ വയസിലെ പ്രണയം തുടര്‍ന്നുള്ള വിവാഹം.  പത്താംക്ലാസിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു നീനയുടെ ആ യാത്ര. പിന്നീട് നേരിട്ട പ്രതിസന്ധികളെയെല്ലാം മറികടന്ന് 42-ാം വയസില്‍ നീന അഭിഭാഷകയായി എന്റോള്‍ ചെയ്തു.

12 വര്‍ഷത്തിന് ശേഷം വിവാഹ ബന്ധം നീനയ്ക്ക് പിരിയേണ്ടി വന്നു. ഇതിനിടെ രണ്ട് മക്കള്‍. തിരികെ സ്വന്തം വീട്ടിലേക്ക്. ഒരു ജോലി അനിവാര്യമായി മാറി. പല ജോലികള്‍ ചെയ്ത് ഒടുവില്‍ വക്കീലോഫീസില്‍ ടൈപ്പിസ്റ്റായി. ഇതിനിടെയാണ് അഭിഭാഷകയാകണമെന്ന മോഹമുദിച്ചത്. പക്ഷേ പത്താംക്ലാസ് പാസാകാതെ എങ്ങനെ വക്കീലാകും എന്ന ചോദ്യമാണ് നീനയെ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്ക് എത്തിച്ചത്. പത്താം ക്ലാസും പിന്നെ ഓപണ്‍ സ്‌കൂള്‍ വഴി  പ്ലസ്ടുവും എന്‍ട്രന്‍സും പിന്നിട്ട് എറണാകുളം ഗവണ്‍മെന്റ് ലോ-കോളേജിലേക്ക്.

ഇതിനിടെ പഞ്ചവത്സര എല്‍എല്‍ബിക്ക് പ്രായപരിധി വന്നെങ്കിലും ഇതിനെ കോടതിയില്‍ നേരിട്ട് അനുകൂല വിധി സമ്പാദിച്ചായിരുന്നു നിയമപഠനത്തിന് പ്രവേശനം നേടിയത്. പ്രതിസന്ധികളോട് തോല്‍ക്കാന്‍ മനസില്ലെന്ന് പറഞ്ഞ നീനയ്ക്ക് ഒടുവില്‍ സ്വപ്‌ന സാക്ഷാത്കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top