Advertisement

പൗരത്വ ഭേദഗതി നിയമം; ജാമിഅ മില്ലിയ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ

December 16, 2019
17 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ. പ്രശസ്ത ഹോളിവുഡ് താരമായ ജോൺ കുസാക്ക്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടൻ രാജ്കുമാർ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐകദാർഡ്യം പ്രഖ്യാപിച്ചത്.

ക്യാമ്പസിനകത്തു കയറി പൊലീസ് തല്ലിച്ചതച്ച വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ചതു കൊണ്ടാണ് ജോൺ കുസാക്ക് പ്രതിഷേധത്തെ പിന്തുണച്ചത്. ‘ഐക്യപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. ട്വിറ്ററിൽ നിന്ന് വിട്ടു നിന്നിരുന്ന സംവിധായകൻ അനുരാഗ് കശ്യപ് ശക്തമായാണ് വിഷയത്തിൽ പ്രതികരിച്ചത്.

‘ഇത് അധികമായിരിക്കുന്നു. നിശബ്ദനായിരിക്കാൻ ഇനി സാധിക്കില്ല. ഈ ഭരണകൂടം വ്യക്തമായും ഫാസിസ്റ്റുകളാണ്. മാറ്റമുണ്ടാക്കാൻ കഴിയുന്ന ശബ്ദങ്ങൾ നിശബ്ദത പാലിക്കുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നടൻ രാജ്കുമാർ റാവു പൊലീസ് അതിക്രമത്തിനെതിരെയാണ് രംഗത്തു വന്നത്. ‘വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് സ്വീകരിച്ച അക്രമ സ്വഭാവത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ജനങ്ങൾക്കുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നതിനെയും ഞാൻ അപലപിക്കുന്നു. അക്രമം ഒന്നിനും പരിഹാരമല്ല’- രാജ്കുമാർ റാവു ട്വിറ്ററിൽ കുറിച്ചു.

നടി സയാനി ഗുപ്ത, നരേന്ദ്ര മോദിയോടൊപ്പം നിൽക്കുന്ന ബോളിവുഡ് നടീനടന്മാരുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. രൺവെർ സിംഗ്, ആയുഷ്മാൻ ഖുറാന, കരൺ ജോഹർ, രാജ്കുമാർ റാവു തുടങ്ങിയവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു സയാനിയുടെ ട്വീറ്റ്. ‘അലിഗഡിലെയും ജാമിഅ മില്ലിയയിലെയും വിദ്യാർത്ഥികളോട് പങ്കായി, പൊലീസ് അതിക്രമത്തെ അപലപിച്ച് നിങ്ങളിലാരെങ്കിലും മിസ്റ്റർ മോദിക്ക് ഒരു ട്വീറ്റെങ്കിലും അയക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സംസാരിക്കേണ്ട സമയം വന്നിരിക്കുന്നു’- ഇങ്ങനെയാണ് സയാനിയുടെ ട്വീറ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top