നടിയെ ആക്രമിച്ച കേസ്; ഈ മാസം 19 ന് ദൃശ്യങ്ങള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്റെ പേര് നടന്‍ ദിലീപ് കൈമാറി. ഈ മാസം 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. കൊച്ചി പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തിലാകും പരിശോധന. ഇന്ന് കേസ് പരിഗണിച്ച പ്രത്യേക വിചാരണ കോടതി മുന്‍പാകെയാണ് വിദഗ്ധന്റെ പേര് ദിലീപ് നിര്‍ദേശിച്ചത്. ഇദ്ദേഹമാണ് പ്രതിഭാഗത്തിന് വേണ്ടി പോലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുക.
ഈ മാസം 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. നേരത്തെ 18ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും ദിലീപിന്റെ അഭിഭാഷകന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയ സുപ്രിംകോടതി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് അനുമതി നല്‍കുകയുണ്ടായി.
മൂന്നു വിദഗ്ധരെ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ദിലീപിനും അഭിഭാഷകനും പുറമേ ഒരു വിദഗ്ധനെക്കൂടി അനുവദിക്കാനാണ് നിര്‍ദേശമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നു ഒരു സാങ്കേതിക വിദഗ്ധനെ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കേസിനായി 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനാണ് അനുമതി. ഈ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിമുറിയില്‍ പരിശോധിക്കാനാണ് കോടതി അനുമതി നല്‍കിയത്. ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയില്‍ നിന്നുള്ള തെളിവുകളാണിവ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here