ഐപിഎൽ ലേലം; ഞെട്ടിക്കാൻ അഫ്ഗാനിൽ നിന്നുള്ള 15 വയസ്സുകാരൻ
2020 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലേക്കുള്ള താര ലേലം ഈ മാസം 19നാണ് നടക്കുന്നത്. ആകെ 332 താരങ്ങൾ അണിനിരക്കുന്ന ലേലം കൊൽക്കത്തയിലാണ് നടക്കുക. ലേലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 15കാരൻ സ്പിന്നർ ഞെട്ടിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ പറയുന്നത്.
റാഷിദ് ഖാനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പുതിയ താരോദയമെന്നാണ് 15കാരൻ നൂര്‍ അഹമ്മദ് ലകന്‍വാൾ വിലയിരുത്തപ്പെടുന്നത്. ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ ലകൻവാളിനെ രാജസ്ഥാൻ റോയൽസ് ട്രയൽസിനു ക്ഷണിച്ചിരുന്നു. ട്രയൽസിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച യുവതാരത്തെ രാജസ്ഥാൻ റോയൽസ് തന്നെ ടീമിലെത്തിക്കാൻ സാധ്യതയുണ്ട്.
ചൈനമാൻ ബൗളറായ ലകൻവാളിനെ മറ്റു പല ടീമുകളും നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. അഫ്ഗാനിസ്ഥാൻ്റെ അണ്ടർ-19 ടീമിൽ കളിക്കുന്ന താരം ഇന്ത്യൻ പര്യടനത്തിൽ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഒൻപത് വിക്കറ്റുകളാണ് താരം പര്യടനത്തിൽ നേടിയത്. അഫ്ഗാനിലെ ആഭ്യന്തര ടൂര്‍ണമെന്റായ സ്ഫഗീസ ലീഗില്‍ എമേര്‍ജിങ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും നൂര്‍ നേടിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍-19 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിലും താരം അംഗമാണ്.
പല ടീമുകളും വൻ അഴിച്ചുപണി നടത്തിയാണ് ലേലത്തിലെത്തുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബാണ് ഏറ്റവുമധികം തുകയുമായി ലേലത്തിൽ പങ്കെടുക്കുക. 42.7 കോടി രൂപയാണ് പഞ്ചാബിൻ്റെ കീശയിലുള്ളത്. 13.05 കോടി രൂപയുള്ള മുംബൈ ഇന്ത്യൻസാണ് ഏറ്റവും കുറഞ്ഞ തുകയുമായി ലേലത്തിൽ പങ്കെടുക്കുക.
Story Highlights: Afganistan, IPL Auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here