ഹർത്താൽ ദിനത്തിലെ പരീക്ഷ; തിരുവനന്തപുരം സിഇടി കോളജ് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു

ഹർത്താൽ ദിനത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സിഇടി എൻജിനിയറിംഗ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. ഹർത്താൽ പിൻവലിച്ചില്ലെങ്കിൽ പരീക്ഷ മാറ്റിവയ്ക്കാമെന്ന് കേരള സാങ്കേതിക സർവകലാശാല ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ലംഘിച്ച് ഇന്ന് തന്നെ പരീക്ഷ നടത്തുമെന്ന് സർവകലാശാല നിലപാട് മാറ്റിയതാണ് വിദ്യാർത്ഥികളെ പ്രകോപിച്ചത്.

ഇന്ന് പരീക്ഷയ്ക്ക് ഹാജരായില്ലെങ്കിൽ ആബ്സെൻഡ് മാർക്ക് ചെയ്യുമെന്നും അത് സപ്ലി ആയി മാറുമെന്നും വിദ്യാർത്ഥികൾ പറയുന്നു. ക്യാംപസ് ഇൻറ്റർവ്യുകളിലടക്കം പ്ലെയ്സ്മെന്റ് നേടിയ നിരവധി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നിലപാടാണ് സാങ്കേതിക സർവകലാശാല സ്വീകരിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പരീക്ഷ മറ്റൊരു ദിവസം റെഗുലർ ആയി തന്നെ നടത്തുമെന്ന കോളേജ് അധികൃതരുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം, ഇന്ന് പരീക്ഷകളുണ്ടായിരുന്ന പല വിദ്യാർത്ഥികൾക്കും വാഹനങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ സെൻ്ററുകളിലെത്താൻ സാധിച്ചില്ല. ഇന്ന് നടന്ന പിഎസ്‌സി പരീക്ഷയ്ക്കും ആളുകൾക്ക് എത്താൻ സാധിച്ചില്ല. പല ജില്ലകളിലും ഹർത്താൽ സമാധാനപരമായി നടന്നുവെങ്കിലും ചില സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Story Highlights: Hartal, Exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top