സംഘർഷത്തിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരെന്ന് ഡൽഹി പൊലീസ്; അന്വേഷണം എൻഐഎക്ക്
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ യൂണിവേഴിസിറ്റിയിലുണ്ടായ സംഘർഷത്തിൻ്റെ അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎക്ക് കൈമാറിയേക്കും. സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ചില സംഘടനകൾക്ക് ബന്ധമുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎയെ ഏല്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഡൽഹി പൊലീസ് നടത്തുന്ന വിവരശേഖരണം പൂർത്തിയാക്കിയാൽ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് വിവരം.
സംഘർഷത്തിനു ശ്രമിച്ച ചില സംഘടനകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ അവകാശവാദം. ബോധപൂർവമായി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ജാമിഅ മില്ലിയയുടെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കാനുള്ള ഇന്ധനം ശേഖരിച്ചതടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നു. ഇവർ വിദ്യാർത്ഥികളിൽ ചിലരെ പ്രാദേശിക സഹായം നൽകാമെന്നു പറഞ്ഞ് സ്വാധീനിച്ചു എന്നും ഡൽഹി പൊലീസ് പറയുന്നു.
ഇത് പരിഗണിച്ചാണ് സംഘർഷം എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ജാമിഅ മില്ലിയ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും അന്വേഷണം എൻഐഎയെ ഏല്പിക്കണമെന്ന നിലപാടിലാണ്.
Story Highlights: Citizenship Amendment Bill, NIA, Jamia Millia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here