സഞ്ജുവിന് സെഞ്ചുറി; ബംഗാളിനെതിരെ കേരളം പൊരുതുന്നു

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം സുരക്ഷിതമായ നിലയിൽ. സഞ്ജു സാംസണും റോബിൻ ഉത്തപ്പയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ വലിയ ഒരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. തുടക്കത്തിൽ പെട്ടെന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളത്തെ ഇരുവരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കേരളത്തിനായി സഞ്ജു സാംസൺ സെഞ്ചുറി നേടി.
തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. പൊന്നം രാഹുലും ജലജ് സക്സേനയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 15 റൺസ് വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. 5 റൺസെടുത്ത രാഹുലിനെ വിക്കറ്റ് കീപ്പർ ശ്രീവത്സവ് ഗോസ്വാമിയുടെ കൈകളിലെത്തിച്ച ഇഷാൻ പോറലാണ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചത്. ഏറെ വൈകാതെ ജലജ് സക്സേനയും (9) ഗോസ്വാമിയുടെ കൈകളിൽ അവസാനിച്ചു. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.
പിന്നാലെ, സഞ്ജു സാംസണും സച്ചിൻ ബേബിയും ക്രീസിൽ ഒത്തു ചേർന്നു. ഈ സഖ്യത്തിനും ഏറെ ആയുസുണ്ടായില്ല. മൂന്നാം വിക്കറ്റിൽ 38 റൺസെടുത്ത സഖ്യം അശൊക് ഡിണ്ടക്ക് മുന്നിൽ കീഴടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഹീറോയും കേരള ക്യാപ്റ്റനുമായ സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കിയാണ് ഡിണ്ട കേരളത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. സച്ചിൻ ബേബി പുറത്തായതിനു പിന്നാലെ സഞ്ജുവിന് പിന്തുണയുമായി ഉത്തപ്പ ക്രീസിലെത്തി.
ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജുവിന് ഉത്തപ്പ പിന്തുണ നൽകിയതോടെ കേരള ഇന്നിംഗ്സ് കരകയറാൻ തുടങ്ങി. ഇതിനിടെ സഞ്ജു അർധസെഞ്ചുറി കുറിച്ചു. മറുവശത്ത് ക്ഷമയോടെ പിടിച്ചു നിന്ന ഉത്തപ്പ കഴിഞ്ഞ മത്സരത്തിൻ്റെ തുടർച്ചയാണ് ഗ്രൗണ്ടിൽ കാഴ്ച വെച്ചത്. സഞ്ജു സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ ഉത്തപ്പ ഇന്നിംഗ്സ് നങ്കൂരമിട്ടു. 156 പന്തുകളിൽ 14 ബൗണ്ടറികളുടെയും ഒരു സിക്സറിൻ്റെയും അകമ്പടിയോടെ സഞ്ജു സെഞ്ചുറി തികച്ചു. ഏറെ വൈകാതെ ഉത്തപ്പ അർധസെഞ്ചുറിയും കുറിച്ചു.
അർധസെഞ്ചുറിയടിച്ചതിനു പിന്നാലെ ഉത്തപ്പയെ (50) ഷഹബാസ് അഹ്മദിൻ്റെ കൈകളിലെത്തിച്ച അർണബ് നന്ദി 137 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ വിഷ്ണു വിനോദിനെ (0)യും പുറത്താക്കിയ അർണബ് കേരളത്തിന് ഇരട്ട പ്രഹരമേല്പിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഗോസ്വാമിക്ക് പിടികൊടുത്താണ് വിഷ്ണു മടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തിട്ടുണ്ട്. 102 റൺസെടുത്ത സഞ്ജുവാണ് ക്രീസിൽ.
Stroy Highlights: Sanju Samson, Ranji Trophy, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here