ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകർക്ക് മുൻകൂർ ജാമ്യം

സുൽത്താൻ ബത്തേരിയിലെ സർവജന സ്‌കൂൾ വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്ക് മുൻകൂർ ജാമ്യം. ഒന്നാം പ്രതി അധ്യാപകനായ ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ.കെ മോഹനൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.
ഷഹ്‌ലയുടെ മരണം പാമ്പ് കടിയേറ്റാണെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതിൽ ബോധപൂർവം വൈകിപ്പിക്കൽ ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
Read Also : ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
നവംബർ 20 വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.
story highlights- shahla sherin, snake bite high court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here