പൗരത്വ നിയമ ഭേദഗതി; യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം സമാപിച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം സമാപിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മുതൽ ഇന്ന് രാവിലെ ഏഴുവരെയായിരുന്നു സത്യാഗ്രഹം. ജാതിയുടെ അടിസ്ഥാനത്തിൽ ജനതയെ വേർതിരിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻകുര്യാക്കോസ് പറഞ്ഞു.
പൗരത്വ നിയമഭേദമതിക്കെതിരേയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഇന്ത്യാ ഗേറ്റിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്. ഇന്നലെ വൈകിട്ട് ഏഴിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നടപടികളിലൂടെ രാജ്യധർമ്മമില്ലാതാക്കുകയാണ് മോദിയും അമിത്ഷായും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്ഭവന് സമീപത്തെ സത്യാഗ്രഹ പന്തൽ രാത്രിയും സജീവമായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണഘടനയോടുള്ള അവഹേളനമാണ് മോദി സർക്കാർ നടത്തുന്നതെന്നും പൗരത്വ ഭേദഗതിക്കെതിരെ സമരം ശക്തമാക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
സമരം കണക്കിലെടുത്ത് രാജ്ഭവൻ പരിസരത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഗതാഗതം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ളവരും സമരത്തിൽ പങ്കെടുത്തു.
Story Highlights- Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here