എന്റെ മൃതദേഹത്തിന് മുകളിലൂടെ അത് ചെയ്യേണ്ടിവരും’; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടത്തിയ പ്രതിഷേധ റാലിയിലാണ് മമത തന്റെ നിലപാട് കടുപ്പിച്ചത്.

‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ നിങ്ങള്‍ക്ക് കഴിയും, പക്ഷേ ഞാന്‍ ഒരിക്കലും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം അനുവദിക്കില്ല. അവര്‍ക്ക് നിയമം നടപ്പിലാക്കാന്‍ താത്പര്യമുണ്ടെങ്കില്‍, അവര്‍ എന്റെ മൃതദേഹത്തിന് മുകളിലൂടെ അത് ചെയ്യേണ്ടിവരും’ മമത നിലപാട് വ്യക്തമാക്കി.

നമ്മളെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് നമ്മുടെ ലക്ഷ്യം. ആരും ബംഗാള്‍ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കാന്‍ നാം അനുവദിക്കില്ല. ഉത്കണ്ഠയില്ലാതെ സമാധാനത്തോടെ നാം ജീവിക്കും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. സമാധാനം നാം നിലനിര്‍ത്തും’ എന്ന പ്രതിജ്ഞയോടെയാണ് റാലിയുടെ തുടക്കം.

സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനണ് മമതയുടെ തീരുമാനം. ബുധനാഴ്ചവരെ ബംഗാളില്‍ വിവിധ റാലികള്‍ നടത്തും. അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ഇന്നത്തെ റാലി തുടങ്ങിയത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Story Highlights- Mamata Banerjee , Citizenship Amendment Act , Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top