അതിര്‍വരമ്പുകളില്ലാത്ത ലോകത്തിനായി ഇന്ന് കുടിയേറ്റ ദിനം

കുടിയേറ്റത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒരു കുടിയേറ്റ ദിനം കൂടി കടന്നുവന്നിരിക്കുകയാണ്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുടിയേറ്റം നടത്താത്ത ആളുകളില്ല. രാജ്യങ്ങളും അതിര്‍വരമ്പുകളും ഉടലെടുക്കുന്നതിനു മുമ്പ് മനുഷ്യ സംസ്‌കാരം ആരംഭിച്ചതു മുതല്‍ കുടിയേറ്റവുമുണ്ട്.
ഫലഭൂയിഷ്ടമായ കൃഷിയിടം തേടി, കുടിവെള്ളം തേടി, അങ്ങനെ ആദിമ മനുഷ്യന്‍ പലയിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവും നാട് തങ്ങളുടേത് മാത്രമെന്ന ചിന്തയും ഉടലെടുത്തപ്പോള്‍ തങ്ങളുടെ ഇടങ്ങളിലേക്ക് കടന്നുവന്നവരെ അവര്‍ കുടിയേറ്റക്കാര്‍ എന്നു വിളിച്ചു തുടങ്ങി. തങ്ങളുടെ സംസ്‌കാരത്തെയും ഇടങ്ങളെയും തകര്‍ക്കാനെത്തിയവരായി കുടിയേറ്റക്കാര്‍ എന്ന് പേരിട്ട് അവരെ മാറ്റി നിര്‍ത്തി തുടങ്ങി.
27.2 കോടി ജനങ്ങള്‍ കുടിയേറ്റക്കാര്‍
ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ കുടിയേറ്റത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുമ്പോഴാണ് ഒരു ലോക കുടിയേറ്റ ദിനം കൂടി എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ 2019 ലെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 27.2 കോടി ജനങ്ങള്‍ കുടിയേറ്റക്കാരായി ജീവിക്കുന്നുണ്ട്. ലോക ജനസംഖ്യയുടെ 3.5 ശതമാനമാണിത്. 1980 ല്‍ 2. 3 ശതമാനം ഉണ്ടായിരുന്നതാണ് ഏതാനം പതിറ്റാണ്ടിനിടയില്‍ 3.5 ശതമാനമായി വളര്‍ന്നത്. ജനിച്ച നാട്ടില്‍ നിന്ന് നിരാലംബരായി കുടിയൊഴിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. മികച്ച ജീവിതം തേടി ജന്മദേശം വിട്ടവരും ഇവരിലുണ്ട്.
യുദ്ധം, പട്ടിണി, പ്രകൃതി ദുരന്തം, വംശഹത്യ തുടങ്ങി നിരവധി കാരണങ്ങളാല്‍ സ്വന്തം നാടുവിട്ട് ഓടേണ്ടിവന്ന കുടിയേറ്റ മനുഷ്യരുടെ അനേകങ്ങളായ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് കുടിയേറ്റ ദിനാചരണത്തോടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യമിടുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ബലത്തില്‍ ലക്ഷക്കണക്കിന് ആളുകളെ പൗരന്മാരാക്കുകയും മറ്റനേകം മനുഷ്യര്‍ കുടിയേറ്റക്കാരാവുകയും ചെയ്യുന്ന പുതിയ ഇന്ത്യക്കും ഇത്തവണത്തെ കുടിയേറ്റ ദിനം നിര്‍ണായകമായ രേഖപ്പെടുത്തലാണ്.
കുടിയേറ്റങ്ങള്‍ പലതരം
ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായോ താത്കാലികമായോ മാറി താമസിക്കുന്നതിനെയാണ് കുടിയേറ്റമെന്ന് പറയുന്നത്. രാജ്യാന്തരകുടിയേറ്റം, ആഭ്യന്തരകുടിയേറ്റം, രാജ്യാന്തര ആഗമനം, രാജ്യാന്തര ഗമനം, സംസ്ഥാനാന്തര കുടിയേറ്റം, സംസ്ഥാന ആഭ്യന്തര കുടിയേറ്റം, ജില്ലാന്തര കുടിയേറ്റം, ജില്ലാ ആഭ്യന്തര കുടിയേറ്റം എന്നിങ്ങനെയെല്ലാം കുടിയേറ്റത്തെ തേരംതിരിക്കാം.
ലോകത്തെ കരയിച്ച അലന്‍ കുര്‍ദി
കുടിയേറ്റത്തെക്കുറിച്ച് പലരും പലതും പറയുമെങ്കിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അലന്‍ കുര്‍ദി എന്ന കുരുന്നിന്റെ ചിത്രം അത്രവേഗമൊന്നും ജനമനസില്‍ നിന്ന് മായില്ല. ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് അലനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലായിരുന്നു അലനും മാതാപിതാക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. 2011 ലാണ് സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭാര്യയുടെ നാടായ കൊബാനിയില്‍ അഭയം തേടിയെങ്കിലും സംഘര്‍ഷം അവിടേക്കും വ്യാപിക്കുകയായിരുന്നു.
2012 ല്‍ മറ്റ് അഭയാര്‍ത്ഥികള്‍ക്കൊപ്പം തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കും പലായനം. ഗ്രീക്ക് ദ്വീപായ കോസിലേക്കുള്ള യാത്രയിലാണ് കടല്‍ പ്രക്ഷുബ്ധമാകുന്നതും അലന്‍ മരണത്തിന് കീഴടങ്ങുന്നതും.
അലന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തെ കരയിക്കുകയായിരുന്നു. എന്തിനാണ് ഈ അതിര്‍വരമ്പുകള്‍, എന്തിനാണ് തരംതിരിക്കലുകള്‍ എന്ന ചോദ്യം ഉയര്‍ത്തിയാണ് അലന്‍ നമ്മെ വിട്ടുപോയത്. തുര്‍ക്കിയിലെ ബ്രോഡം തീരത്ത് പഞ്ചാരമണലിനെ ആലിംഗനം ചെയ്ത് കിടക്കുകയായിരുന്നു അവന്റെ ചേതനയറ്റ ശരീരം. നിലുഫര്‍ ഡെമിന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ക്യാമറക്കണ്ണുകളിലൂടെയാണ് ലോകം അലനെ അറിഞ്ഞത്. അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെയും കുടിയേറ്റങ്ങളുടെയും തീവ്രത ലോകത്തോട് വിളിച്ചുപറയുന്ന നേര്‍ചിത്രമായി മാറുകയായിരുന്നു അലന്‍ എന്ന കുരുന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here