ട്രംപ് പുറത്താവില്ല; നാണംകെടും

പി പി ജെയിംസ്

ഡോണള്‍ഡ് ട്രംപിന് ഇതിലും വലിയ താക്കീത് നല്‍കാനില്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആകില്ലെങ്കിലും നാണം കെടുത്താന്‍ ഇതുമതി. 2020 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയായി.

അമേരിക്കയുടെ സ്ഥാപക പിതാക്കള്‍ വിഭാവനം ചെയ്തതിന് തീര്‍ത്തും എതിരായി പ്രവര്‍ത്തിച്ച വലതുപക്ഷ തീവ്രവാദിയായ വെള്ളക്കാരന് അമേരിക്കന്‍ ജനാധിപത്യം നല്‍കിയ മുന്നറിയിപ്പ്.
അമേരിക്കന്‍ സ്വത്വം സംബന്ധിച്ച് വെള്ളക്കാരായ വംശീയവാദികള്‍ മുന്നോട്ടുവച്ച ആശയ ധാരയാണ് – ‘ വാസ്പ് ‘ (wasp) അമേരിക്കയുടെ അവകാശികള്‍ ‘വൈറ്റ്, ആംഗ്ലോസാക്‌സന്‍, പ്രൊട്ടസ്റ്റന്റ്’ ആണെന്ന ഇവരുടെ വാദത്തിന് ശക്തിപകര്‍ന്നാണ് ട്രംപ്, ഹില്ലരി ക്ലിന്റനെ മറികടന്നത്. ബ്രിട്ടനില്‍ നിന്ന് കുടിയേറിയ പൂര്‍വികരുടെ പാരമ്പര്യം പറഞ്ഞായിരുന്നു ജനമുന്നേറ്റം. ബറാക് ഒബാമ എന്ന കറുത്ത വംശജനെ പ്രസിഡന്റ് പദത്തിലേക്ക് ഉയര്‍ത്തിയതിലുള്ള വെള്ളക്കാരുടെ പ്രതിഷേധവും ട്രംപിന് കൂട്ടായി, ഒടുവിലിതാ ഇറക്കത്തിന്റെ നാളുകളായി.

Read More:ട്രംപിനെ ഇംപീച്ച് ചെയ്ത നടപടി: ഏറ്റവും നാണംകെട്ട രാഷ്ട്രീയ സംഭവമെന്ന് വൈറ്റ് ഹൗസ്

ജനവിരുദ്ധ നിലപാട് എടുക്കുന്ന ഓരോ ഭരണാധികാരിക്കും ജനാധിപത്യവും ജനങ്ങളും കാത്തുവച്ച ശിക്ഷയാണിത്. ചരിത്രത്തില്‍ പലപ്പോഴും യാദൃശ്ചികതകള്‍ സംഭവിക്കാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധിസഭ തീരുമാനമെടുത്ത ഇന്നേ ദിവസത്തിനുമുണ്ട് യാദൃശ്ചികത. കൃത്യം 21 വര്‍ഷം മുമ്പ് ഒരു ഡിസംബര്‍ 19 നാണ് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധി സഭ തീരുമാനമെടുത്തത്. ക്ലിന്റനെതിരെ വോട്ടു ചെയ്തത് റിപ്പബ്ലിക്കന്മാരാണെങ്കില്‍ ട്രംപിനെതിരെ തിരിഞ്ഞത് ഡെമോക്രാറ്റുകളാണെന്ന വ്യത്യാസമേയുള്ളൂ. സെനറ്റില്‍ വിജയിച്ചതുകൊണ്ട് ബില്‍ ക്ലിന്റന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വന്നില്ല.

അമേരിക്കയുടെ സ്ഥാപിത പിതാക്കള്‍ കുശാഗ്രബുദ്ധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടി ക്രമങ്ങള്‍ എഴുതിവച്ചതെന്ന് വേണം കരുതാന്‍. അതിവിപുലമായ അധികാരങ്ങളുള്ള അമേരിക്കന്‍ പ്രസിഡന്റിനെ വഴിതെറ്റിയാല്‍ മൂക്കുകയറിടാനുള്ള നിയമങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ഈ അധികാരം അതിരുവിട്ട് ഉപയോഗിക്കാതിരിക്കാന്‍ സന്തുലിതാവസ്ഥയും വിഭാവനം ചെയ്തിരിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റിനെ കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ സെനറ്റ് അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പക്ഷത്തിന്റെ പിന്തുണ വേണം. ഇത് ഉറപ്പാക്കല്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെയാവാം ചരിത്രത്തില്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ മാത്രമേ ജനപ്രതിനിധിസഭയില്‍ ഇംപീച്ചമെന്റിന് വിധേയരായിട്ടുള്ളൂ. ആന്‍ഡ്രു ജോണ്‍സണും ബില്‍ ക്ലിന്റണും ഇപ്പോള്‍ ഡോണള്‍ഡ് ട്രംപും.

ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയരായെങ്കിലും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവാതെ പിടിച്ചുനില്‍ക്കാന്‍ ആന്‍ഡ്രു ജോണ്‍സനും ബില്‍ ക്ലിന്റനും കഴിഞ്ഞു. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ എതിര്‍പക്ഷത്തിനു കഴിയാതെ പോയതുകാരണമാണിത്. റിപ്പബ്ലിക്കന്‍കാര്‍ക്ക് 53 സീറ്റ് ഉണ്ട്. ഡെമോക്രാറ്റുകള്‍ക്ക് 45 സീറ്റ് ഉള്ളതുകൊണ്ട് ട്രംപിനെ വീഴ്ത്താനാവില്ല.

ആന്‍ഡ്രു ജോണ്‍സണ്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് രക്ഷപെട്ടത്. ആന്‍ഡ്രു ജോണ്‍സന് അനുകൂലമായി 19 സെനറ്റ് വോട്ട് ലഭിച്ചപ്പോള്‍ 35 പേര്‍ എതിരായി വോട്ട് ചെയ്തു. ഒരു വോട്ട് കൂടി എതിരായി വീണിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്തമായ കസേരയില്‍ നിന്ന് ആന്‍ഡ്രു ജോണ്‍സണ്‍ നിലം പതിച്ചേനെ.

മൂന്ന് പ്രസിഡന്റുമാര്‍ ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെട്ടത് മൂന്ന് വ്യത്യസ്ത കാരണങ്ങളാല്‍ ആണെന്നതും കൗതുകമാണ്. കാബിനറ്റ് അംഗമായ എഡ്വിന്‍ സ്റ്റാന്റനെ സെനറ്റിന്റെ അംഗീകാരമില്ലാതെ പുറത്താക്കിയതാണ് ആന്‍ഡ്രു ജോണ്‍സണ്‍ ഇംപിച്ച്‌മെന്റ് ക്ഷണിച്ചുവരുത്തിയത്. വൈറ്റ് ഹൗസിലെ യുവ സുന്ദരി മോണിക്ക ലെവിന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ ജനതയോട് നുണപറഞ്ഞതായിരുന്നു ബില്‍ ക്ലിന്റണ്‍ നേരിട്ട ആരോപണം. ഡെമോക്രാറ്റിക് എതിരാളിയായ ജോ ബൈഡനെതിരെ അന്വേഷണത്തിന് യുക്രെയ്ന്‍ പ്രസിഡന്റില്‍ സമ്മര്‍ദം ചെലുത്തി അധികാര ദുര്‍വിനിയോഗം നടത്തിയതാണ് ട്രംപിനെതിരെയുള്ള ആരോപണം.

ഇംപിച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാനിരിക്കെ രാജിവച്ചു പുറത്തുപോയ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സനും ചരിത്രത്തില്‍ സ്ഥാനം നേടി. അധികാരത്തിലിരിക്കെ രാജിവയ്‌ക്കേണ്ടിവന്ന അമേരിക്കയിലെ ഏക പ്രസിഡന്റ് എന്ന മുദ്രയാണ് നികസനുമേല്‍ ചാര്‍ത്തപ്പെട്ടത്.

ട്രംപ് ക്ഷുഭിതനാണ്. അമേരിക്കന്‍ രാഷ്ട്രീയം സംഭവ ബഹുലമായ നാളുകളിലേക്ക് പ്രവേശിക്കുകയാണെന്ന് ചുരുക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top