ട്രംപിനെ ഇംപീച്ച് ചെയ്ത നടപടി: ഏറ്റവും നാണംകെട്ട രാഷ്ട്രീയ സംഭവമെന്ന് വൈറ്റ് ഹൗസ്

ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്ത നടപടിയിൽ വൈറ്റ് ഹൗസിന്റെ രൂക്ഷ പ്രതികരണം. ഏറ്റവും നാണംകെട്ട രാഷ്ട്രീയ സംഭവങ്ങളിലൊന്നാണ് ഇത് എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷാം വാർത്താക്കുറിപ്പിൽ പറയുന്നു.
Read Also: ട്രംപിനെ ഇംപീച്ച് ചെയ്തു
സെനറ്റ് തന്നെ കുറ്റവിമുക്തനാക്കുമെന്ന് ആത്മവിശ്വാസം ഡോണൾഡ് ട്രംപിനുണ്ട്. തുടർനടപടികൾക്ക് ട്രംപ് തയാറെന്നും വൈറ്റ് ഹൗസ്. പ്രമേയത്തിന് ഒരു റിപ്പബ്ലിക്കൻ പ്രതിനിധിയുടെ പോലും പിന്തുണ ഇല്ല. ട്രംപ് തെറ്റ് ചെയ്തുവെന്നതിന് തെളിവ് ഹാജരാക്കാൻ ഡെമോക്രോറ്റുകൾക്ക് സാധിച്ചില്ലെന്നും വാർത്താക്കുറിപ്പിൽ.
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭയിൽ പാസായിരുന്നു. 195 നെതിരെ 228 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ നടപടികൾ തടസപ്പെടുത്തൽ എന്നീ വിഷയങ്ങളിലാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. അധികാര ദുർവിനിയോഗം 197 വോട്ടിനെതിരെ 230 വോട്ടിനാണ് പാസായത്. പ്രമേയം ഇനി ഉപരിസഭയായ സെനറ്റ് ജനുവരിയിൽ പരിഗണിക്കും.
പ്രമേയം സെനറ്റിൽ ചർച്ച ചെയ്തിട്ടേ ശിക്ഷ വിധിക്കാനാകൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന 100 സെനറ്റർമാർ അടങ്ങുന്ന ജൂറിയാണ് പ്രസിഡന്റിനെ വിചാരണ ചെയ്യുക. അഞ്ച് തവണ വിചാരണയുണ്ട്. ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കപ്പെട്ടാൽ ശിക്ഷാ വിധിയുണ്ടാകും.
donald trump, impeachment, white house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here