ട്രംപിനെ ഇംപീച്ച് ചെയ്തു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭയിൽ പാസായി. 195 നെതിരെ 228 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.
അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ നടപടികൾ തടസപ്പെടുത്തൽ എന്നീ വിഷയങ്ങളിലാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. അധികാര ദുർവിനിയോഗം 197 വോട്ടിനെതിരെ 230 വോട്ടിനാണ് പാസായത്. പ്രമേയം ഇനി ഉപരിസഭയായ സെനറ്റ് ജനുവരിയില്‍ പരിഗണിക്കും.
പ്രമേയം സെനറ്റിൽ ചർച്ച ചെയ്തിട്ടേ ശിക്ഷ വിധിക്കാനാകൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന 100 സെനറ്റർമാർ അടങ്ങുന്ന ജൂറിയാണ് പ്രസിഡന്റിനെ വിചാരണ ചെയ്യുക. അഞ്ച് തവണ വിചാരണയുണ്ട്. ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കപ്പെട്ടാൽ ശിക്ഷാ വിധിയുണ്ടാകും.
435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കായതിനാൽ ഇന്ന് അവതരിപ്പിക്കുന്ന പ്രമേയം പാസാകുമെന്നുറപ്പായിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ള സെനറ്റിൽ പ്രമേയം പരാജയപ്പെടുമെന്ന ആശ്വാസത്തിലാണ് ട്രംപ് അനുകൂലികൾ.
അതിനിടെ ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി ഡോണൾഡ് ട്രംപ് സ്പീക്കർ നാൻസി പെലോസിക്ക് കത്തയച്ചു. അമേരിക്കയുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ഉക്രയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here