പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്നു; ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം തുടരുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ യു ടി ഖാദറിന് എതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാല്‍ കര്‍ണാടകം കത്തുമെന്നായിരുന്നു 17-ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന യുവമോര്‍ച്ച നേതാവിന്റെ പരാതിയിലാണ് കേസ്. ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്.
മംഗളൂരുവില്‍ ഇന്നലെ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്‍പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here