2015ൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകൻ; ഇപ്പോൾ ജീവിക്കാൻ പുട്ടുപൊടി വിൽക്കുന്നു: ഇത് സുമേഷിന്റെ കഥ

2015ലെ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യൻ വോളിബോൾ ടീമിനെ നയിച്ച ഇ സുമേഷ് ഇപ്പോൾ ജീവിക്കാനായി പുട്ടുപൊടി വിൽക്കുകയാണ്. വെറും നാലു വർഷത്തെ ഇടവേള കൊണ്ട് ഇന്ത്യൻ നായക സ്ഥാനത്തു നിന്ന് സുമേഷ് പുട്ടു പൊടി കച്ചവടക്കാരനായി മാറിയത് സർക്കാരിൻ്റെ വാഗ്ദത്ത ലംഘനം കൊണ്ടാണ്.
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ കുട്ടമത്തുകാരാണ് സുമേഷ്. ലോസ് ആഞ്ചലസ് സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയുടെ വോളിബോൾ ടീം നായകനായിരുന്നു ഇദ്ദേഹം. ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കിയ സുമേഷിനും സംഘത്തിനും നാട്ടിൽ വലിയ വരവേല്പ് ലഭിച്ചു. രാജ്യത്തിന് വിലമതിക്കാനാവാത്ത ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച വോളിബോൾ ടീം അംഗങ്ങൾക്ക് ജോലി നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലത്തായിരുന്നു സംഭവം.
ടീമിലെ ഓരോ കളിക്കാരനും 20000 രൂപ വീതം പാരിതോഷികവും ജോലിയും നൽകുമെന്ന് യുവജനക്ഷേമ വകുപ്പ് പ്രഖ്യാപിച്ചു. എന്നാൽ ഇത് രണ്ടും ഇതുവരെയും ഇവരിലാർക്കും ലഭിച്ചിട്ടില്ല. ജോലി ലഭിക്കുമെന്ന പ്രതീക്ഷ വറ്റിയതോടെയാണ് ഒളിമ്പിക്സ് പോഡിയത്തിൽ നിന്ന് രാജ്യത്തിൻ്റെ യശസുയർത്തിയ ഈ താരം പുട്ടു പൊടി കച്ചവടം ചെയ്ത് കുടുംബം പോറ്റാൻ തുടങ്ങിയത്.
ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന സുമേഷ് പഠിക്കുന്ന സമയത്തും അധ്വാനിച്ചിരുന്നു. പൂമാല കെട്ടി ബസുകൾ തോറും നടന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ടാണ് അവൻ പഠന ചെലവ് കണ്ടെത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here