ഐപിഎൽ ലേലം; ബാംഗ്ലൂരിന്റെ തന്ത്രം തമ്പുരാനറിയാം

19ആം തിയതിയായിരുന്നു ഐപിഎൽ ലേലം. ടീമുകൾ തന്ത്രപരമായാണ് ലേലത്തിൽ പങ്കെടുത്തത്. ചില അതികായരെ വാങ്ങാൻ ആളില്ലാതായെങ്കിലും ക്ലബുകൾ നന്നായി തയ്യാറെടുത്തു തന്നെയാണ് പണം ചെലവഴിച്ചത്. ഏതാണ്ടെല്ലാ ടീമുകളും ബുദ്ധിപരമായാണ് ലേലത്തിൽ പങ്കെടുത്തതെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെയും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും പ്രകടനം ആശങ്കയുളവാക്കുന്നതാണ്. അതിൽ തന്നെ ആവശ്യമുള്ളത് മറന്ന് ആവശ്യമില്ലാത്തത് വാങ്ങിക്കൂട്ടിയത് ബാംഗ്ലൂരാണ്.
കഴിഞ്ഞ ഏതാനും സീസണുകളായി ബൗളിംഗാണ് ബാംഗ്ലൂരിൻ്റെ പ്രശ്നമായി ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിലൽ ഉമേഷ് യാദവും മുഹമ്മദ് സിറാജും നവദീപ് സെയ്നിയുമടങ്ങിയ ബൗളിം ഡിപ്പാർട്ട്മെൻ്റ് ബാംഗ്ലൂരിൻ്റെ തലവേദനയായിരുന്നു. ഈ വർഷം എട്ട് താരങ്ങളെയാണ് ബാംഗ്ലൂർ വാങ്ങിയത്. ഇതിൽ ഡെയിൽ സ്റ്റെയിൻ, കെയിൻ റിച്ചാർഡ്സൺ എന്നിവരാണ് പേസ് ബൗളിംഗ് കാറ്റഗറിയിലുള്ളത്. ക്രിസ് മോറിസ്, ഇസിരു ഉഡാന എന്നിവർ പേസ് ഓൾറൗണ്ടർമാർ. ആരോൺ ഫിഞ്ച്, പവൻ ദേശ്പാണ്ഡേ, ഷഹ്ബാസ് അഹ്മദ്, ജോഷുവ ഫിലിപ്പ് എന്നിവരാണ് പട്ടികയിൽ ബാക്കിയുള്ളത്. ഇതിൽ ഫിഞ്ച് ബാറ്റ്സ്മാനും പവൻ ഓൾറൗണ്ടറും ഷഹ്ബാസ് അഹ്മദ് സ്പിന്നറും ജോഷുവ ഫിലിപ്പ് എന്നിവർ വിക്കറ്റ് കീപ്പറുമാണ്. ആഭ്യന്തര പേസർമാർ വേണ്ടിടത്ത് അതിൽ ആർസിബി തീരെ ശ്രദ്ധ കൊടുത്തില്ല. അതേ സമയം, പവർ പാക്ക്ഡ് ബാറ്റിംഗ് നിര ഫിഞ്ചിനെക്കൂടി കൊണ്ടു വന്ന് ശക്തിപ്പെടുത്തുകയും ചെയ്തു.
മോറിസ് നല്ല ഒരു ബൈ ആണ്. ലോവർ ഓർഡറിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താനും ഇന്നിംഗ്സിലെവിടെയും നാല് ഓവറുകൾ എറിയിക്കാനും സാധിക്കും. മോറിസും സ്റ്റെയിനും ചേർന്ന കൂട്ടുകെട്ട് വിലപിടിച്ച എട്ട് ഓവറുകൾ ആർസിബിക്ക് നൽകുകയും ചെയ്യും. ഇസിരു ഉഡാന എങ്ങനെയാകുമെന്ന് കണ്ടറിയണം. ടി-20യിൽ 8.51 ആണ് ഉഡാനയുടെ എക്കണോമി. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഉഡാനയിലെ ബാറ്റ്സ്മാനെ കണ്ണടച്ച് വിശ്വസിക്കാനും കഴിയില്ല. പവൻ ദേശ്പാണ്ഡെയും മികച്ച താരമാണ്. ആഭ്യന്തര ടി-20യിൽ 150നടുത്ത് സ്ട്രൈക്ക് റേറ്റും 50നടുത്ത് ശരാശരിയും പവനുണ്ട്. ഷഹബാസ് അഹ്മദിനും ജോഷുവക്കും അവസരം ലഭിക്കുമോ എന്നതും സംശയമാണ്. ജോഷുവ ഒരു ബെസ്റ്റ് ബൈ ആയിരുന്നെങ്കിലും ഫിഞ്ചിനെ മറികടന്ന് അവസരം ലഭിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ദേവദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, ഡെയിൽ സ്റ്റെയിൻ, ക്രിസ് മോറിസ്/മൊയീൻ അലി എന്നിവരാണ് ഫൈനൽ ഇലവനിലെത്തുക. അതുകൊണ്ട് തന്നെ പവൻ ദേശ്പാണ്ഡെയും ഉഡാനയുമൊന്നും ടീമിൽ ഉൾപ്പെടണമെന്നില്ല.
തരക്കേടില്ലാത്ത ടീമും ബെഞ്ച് സ്ട്രെംഗ്തും ആർസിബിക്ക് ഉണ്ടെങ്കിലും ആഭ്യന്തര പേസ് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമല്ല. ശിവം ദുബേ, മൊയീൻ അലി തുടങ്ങിയവരടങ്ങുന്ന മധ്യനിര ശക്തമാണെന്നത് ആർസിബിക്ക് ആശ്വാസമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here