മംഗളൂരു വെടിവയ്പ്പ്; അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ

മംഗളൂരു വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്.മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യുവിന് ഇളവും പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 3 മണി മുതൽ ആറ് മണിവരെയാണ് കർഫ്യുവിൽ ഇളവ് പ്രഖ്യാപിച്ചത്.
മംഗളുരുവിലെത്തിയ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന നിലപാടെടുത്തത്. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് വെടിയുതിർത്തത് എന്നായിരുന്നു പൊലീസ് വാദം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെ ഇത് നിഷേധിച്ചതോടെയാണ് പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നത്.
അതേസമയം മംഗളുരുവിൽ കർഫ്യു ലംഘിച്ച് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത സിപിഐ നേതാവ് ബിനോയ് വിശ്വത്തെ പൊലീസ് വിട്ടയച്ചു. 4 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് വിട്ടയച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള കർണാടകയിലെ 8 സിപിഐ നേതാക്കളെയും കേരള പൊലീസിന് കൈമാറിയത്. ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്താനാണ് മംഗളൂരുവിൽ പോയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പോരാട്ടം ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതേസമയം, മംഗളുരുവിൽ പ്രഖ്യാപിച്ച കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്. 3 മണി മുതൽ 6 മണി വരെയാണ് ഇളവ്. നാളെ പകൽ സമയത്തും കർഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights- Mangaluru firing, Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here