കാട്ടുതീ പടർന്നു പിടിക്കുന്നു; ഓസ്‌ട്രേലിയയിലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രകൾ താൽക്കാലികമായി മാറ്റിവെയ്ക്കണമെന്നാണ് അധികൃതരുടെ നിർദേശം.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ പടർന്നു പിടിച്ച കാട്ടുതീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ നിർദേശം. നിലവിലെ അവസ്ഥ കണക്കിലെടുത്ത് യാത്രകൾ താത്ക്കാലികമായി മാറ്റിവെയ്ക്കാനാണ് നിർദേശം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കി വീടുകളിൽ തുടരാൻ പരമാവധി ശ്രമിക്കണമെന്ന് ന്യൂ സൗത്ത് വെയിൽസിലെ സർക്കാർ മേധാവി ഗ്ലാഡിസ് ബെർജിക്ലിയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്രിസ്മസുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയക്കാരുടെ അവധിയാഘോഷങ്ങൾക്കും, വിനോദയാത്രകൾക്കും നിർദേശം വിലങ്ങുതടിയാകും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി തുടരുന്ന നൂറുകണക്കിന് തീ അണയ്ക്കാനുള്ള ശ്രമം അഗ്‌നിശമനാസേനാ വിഭാഗം ഇപ്പോഴും തുടരുകയാണ്. മൂന്നിടങ്ങളിലെ തീ അനിയന്ത്രിതമാണെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത ചൂടും ശക്തമായ കാറ്റും കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here