അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി.
കേരളം, കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്ത് അടിയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പല്‍ അപകടങ്ങള്‍, ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയര്‍ന്ന പൗരബോധവും, ചത്തടിയുന്ന സംഭവങ്ങള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയായിട്ടുണ്ടെന്നും പഠനം പറയുന്നു.
ബ്രൈഡ്‌സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ല്‍ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്ത് അടിഞ്ഞത്. കൂടുതലായും ആഗസ്ത്-നവംബര്‍ മാസങ്ങളിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കാലവര്‍ഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉല്‍പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മണ്‍സൂണ്‍ സമയത്ത് തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുന്നത് കൂടാന്‍ കാരണമാകുന്നത്.
സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങള്‍ക്ക് വിനയാകുന്നു. താപനില വര്‍ധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങള്‍ തിമിംഗലങ്ങള്‍ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാന്‍ ഇടവരുത്തുന്നു. ശക്തമായ ഒഴുക്ക് പരിക്കറ്റതും ചത്തതുമായ തിമിംഗലങ്ങളെ തീരങ്ങളിലേക്ക് ഒഴുക്കിവിടുന്നു- സിഎംഎഫ്ആര്‍ഐ പഠനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ ആര്‍ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തത്സമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കല്‍, വിവര ശേഖരണത്തിന് സിറ്റിസന്‍ സയന്‍സ് ശക്തിപ്പെടുത്തല്‍ എന്നിവയും അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി.
Story Highlights : Whale deaths on Arabian Sea coasts have increased tenfold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here