സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കും; ഒരാഴ്ചയ്ക്കുള്ളിൽ വിവര ശേഖരണം നടത്തും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരാഴ്ചക്കുള്ളിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി ചേർന്നായിരിക്കും ദുരന്തനിവാരണ പ്രകാരം കെട്ടിടം പൊളിച്ചുനീക്കുക. വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇതിനായുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. 79 പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുക. അടുത്ത അധ്യായന വർഷം പുസ്തകങ്ങൾ ലഭ്യമാക്കും. എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങളുടെ ഭാരം കുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റുകൾ പണിയാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളുകളിലെ മുന്നൂറ് കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്നത് തത്വത്തിൽ അംഗീകരിച്ചു.
അതേസമയം, സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്.
Story Highlights : Buildings in a dangerous condition in aided and unaided schools will be demolished; minister v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here