അർധസെഞ്ചുറിക്ക് ശേഷം രോഹിത് പുറത്ത്; കട്ടക്കിൽ ഒപ്പത്തിനൊപ്പം

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ത്യക്കു വേണ്ടി ഓപ്പണർമാരായ ലോകേഷ് രാഹുലും രോഹിത് ശർമ്മയും അർധസെഞ്ചുറികൾ നേടി മികച്ച തുടക്കം നൽകി. 63 റൺസെടുത്ത് രോഹിത് പുറത്തായെങ്കിലും രാഹുൽ ക്രീസിൽ തുടരുകയാണ്. 23 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്.
അനായാസമായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ്. ഓവറിൽ ആറു റൺസെന്ന നിരക്ക് കൃത്യമായി കാത്തു സൂക്ഷിച്ച ഇരുവരും ചേസിംഗിൻ്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ബാറ്റ് വീശിയത്. രാഹുൽ 49 പന്തുകളിലും രോഹിത് 52 പന്തുകളിലും അർധസെഞ്ചുറി തികച്ചു. അനായാസം മുന്നോട്ടു പോകവെ ആണ് രോഹിത് പുറത്തായത്. രണ്ടാം സ്പെല്ലിനായി മടങ്ങി വന്ന ജേസൻ ഹോൾഡറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ രാഹുലുമായി 122 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിത് പങ്കാളിയായിരുന്നു.
പിന്നാലെ വിരാട് ക്രീസിലെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാഹുൽ 63 റൺസെടുത്തും കോലി 3 റൺസെടുത്തും ക്രീസിൽ തുടരുകയാണ്.
നേരത്തെ, ബാറ്റെടുത്തവരെല്ലാം ഇരട്ടയക്കം കുറിച്ചതോടെയാണ് വിൻഡീസ് മികച്ച സ്കോർ കണ്ടെത്തിയത്. 89 റൺസെടുത്ത നിക്കോളാസ് പൂറനാണ് അവരുടെ ടോപ്പ് സ്കോറർ. കീറോൺ പൊള്ളാർഡ് 74 റൺസ് നേടി. ഷായ് ഹോപ്പ് (42), റോസ്റ്റൺ ചേസ് (38), ഷിംറോൺ ഹെട്മയർ (37) തുടങ്ങിയവരൊക്കെ വിൻഡീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.
Story Highlights: Rohit Sharma, KL Rahul, Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here