കണ്ണൂരിൽ നിർത്തിയിട്ട ലോറിയുടെ ടയറുകൾ മോഷണം പോയി

കണ്ണൂർ തളിപ്പറമ്പിൽ റോഡരികിൽ നിർത്തിയിട്ട ലോറികളുടെ ടയറുകൾ മോഷണം പോകുന്നത് പതിവാകുന്നു. വാഹനത്തിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ പോലും അറിയാതെയാണ് കഴിഞ്ഞ ദിവസം ലോറിയുടെ ആറ് ടയറുകൾ മോഷണം പോയത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കോഴിക്കോട്ടേക്ക് പൈപ്പുമായി വരികയായിരുന്നു ലോറി. ശനിയാഴ്ച രാത്രി തളിപ്പറമ്പിലെത്തിയ വണ്ടി ദേശീയപാതക്കരികിൽ നിർത്തിയിട്ട ശേഷം ഡ്രൈവർ രജ്‌വീർ സിംഗ് ക്യാബിനിൽ കിടന്നുറങ്ങി. തൊട്ട് പുറകിലായി നിർത്തിയിട്ട ലോറിപുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടാനായി സ്റ്റാർട്ട് ചെയ്തപ്പോഴാണ് മുന്നിലെ വണ്ടിക്ക് ടയറുകളില്ലെന്ന് കണ്ടത്. തുടർന്നാണ് മോഷണവിവരം ഡ്രൈവർ പോലുമറിഞ്ഞത്.
മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ പിറകുവശത്തെ ടയറുകളാണ് മോഷണം പോയത്. ജാക്കിയുപയോഗിച്ചുയർത്തിയ ലോറി തൊട്ടടുത്ത ക്ഷേത്രത്തിൽ നിർമാണത്തിനായി കൊണ്ടുവന്ന കരിങ്കല്ലുകളുടെ മുകളിൽ ഉറപ്പിച്ച് നിർത്തിയാണ് ടയർ അഴിച്ചുകൊണ്ടുപോയിരിക്കുന്നത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ലോറിക്കാർ പറഞ്ഞു.
രാത്രി 11 മണിക്കും രണ്ട് മണിക്കും ഇടയിൽ വാഹനത്തിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്നാണ് സൂചന. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളും പരിശോധിക്കുന്നുണ്ട്. മുമ്പും ഈ മേഖലയിൽ നിർത്തിയിട്ട ലോറികളുടെ ടയറുകൾ മോഷണം പോയിട്ടുണ്ട്.
kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here