Advertisement

പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക്; ചിലർ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

December 22, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎഎയുമായി ബന്ധപ്പെട്ട് ചിലർ വ്യാജ പ്രചാരങ്ങൾ നടത്തുന്നുവെന്നും മോദി പറഞ്ഞു. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം.

രാജ്യത്തെ അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയാണ് നിയമമെന്നും മോദി പറഞ്ഞു. രാംലീല മൈതാനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രസർക്കാരിന്റെ ഭാഗം ന്യായീകരിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

സിഎഎ പാസാക്കിയ പാർലമെന്റിനെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്തുണച്ച എല്ലാ എംപിമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സിഎഎ ഏകപക്ഷീയമാണെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ കോലം കത്തിച്ചോളൂ, പാവപ്പെട്ടവരുടെ റിക്ഷ കത്തിക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി, മോദിയെ വെറുത്താലും രാജ്യത്തെ വെറുക്കരുതെന്നും കൂട്ടിച്ചേർത്തു.

ജനങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിട്ട പൊലീസിനെ വെറുതെ വിടാനും മോദി ആഹ്വാനം ചെയ്തു.
പൊലീസ് ആരുടേയും ശത്രുവല്ലെന്നും ജനങ്ങൾക്കായി ജീവൻ വെടിയുകയാണെന്നും മോദി പറഞ്ഞു. ഡൽഹി സർക്കാരിനും കോൺഗ്രസിനെതിരേയും മോദി വിമർശനം ഉന്നയിച്ചു. ഡൽഹി സർക്കാരിന്റെ കള്ള വാഗ്ദാനങ്ങളിൽ ജനത വഞ്ചിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ ഭൂമി നൽകിയത് സാധാരണക്കാർക്ക് വേണ്ടിയാണെന്നും ഡൽഹി സർക്കാർ നൽകിയത് വിഐപികൾക്കാണെന്നും മോദി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗതാഗത സംവിധാനം പരിതാപകരമാണ്. ബിജെപിക്ക് കപട വാഗ്ദാനങ്ങളില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

എൻആർസി തയ്യാറാക്കിയത് കോൺഗ്രസുകാരാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ കോൺഗ്രസ് മാനം പാലിക്കുകയാണ്. അർബൻ നക്‌സലുകൾ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്ത്യയിൽ ആരുടെ കൈയിൽ നിന്നും പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here