അസമിലുള്ളത് ആറ് തടങ്കൽ പാളയങ്ങൾ; കർണാടകയിൽ 35 താത്കാലിക പാളയങ്ങൾ: പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു

രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിയുന്നു. അസമിൽ മാത്രമുള്ളത് ആറ് തടങ്കൽ പാളയങ്ങളാണ്. 10 തടങ്കൽ പാളയങ്ങളുടെ പണി നടക്കുകയാണ്. അസമിൽ തന്നെ ആറ് തടങ്കൽ പാളയങ്ങളുണ്ടെന്ന് പാർലമെൻ്റിൽ സർക്കാർ രേഖാ മൂലം മറുപടി നൽകിയിരുന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ഈ വിഷയത്തിൽ കുറച്ചു കൂടി കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. അസമിലെ ആറ് തടങ്കൽ പാളയങ്ങളിലായി 988 പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിൽ 28 പേർ മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അസമിനു പുറത്തു നിന്നും തടങ്കൽ പാളയങ്ങളുടെ വാർത്തകൾ വരുന്നുണ്ട്. ദേവേന്ദ്ര ഫഡ്നാവിസിൻ്റെ കീഴിൽ മഹാരാഷ്ട്രയിലെ ആദ്യ തടങ്കൽ പാളയത്തിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞു. നേവി മുംബൈയിൽ മൂന്നേക്ക്രോളം വരുന്ന ഭൂമിയാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒപ്പം, കർണാടകയിൽ 35 താത്കാലിക തടങ്കൽ പാളയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂരിനടുത്ത് നിർമ്മിക്കുന്ന മറ്റൊരു തടങ്കൽ പാളയം പണി തീർന്നു കൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവിൽ പണി തീരാറായ തടങ്കൽ പാളയം
ഇതോടൊപ്പം കഴിഞ്ഞ ജൂലായിൽ മറ്റൊരു സുപ്രധാന നിർദ്ദേശം കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. പത്തടി ഉയരത്തിൽ ചുറ്റുമതിലുള്ളതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഒരു തടങ്കൽ പാളയമെങ്കിലും ഓരോ സംസ്ഥനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർമ്മിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മോഡല്‍ ഡിറ്റന്‍ഷന്‍ മാനുവല്‍ തയാറാക്കിയിരുന്നു.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് പറഞ്ഞത്. മുസ്‌ലിംകളെ ആരും തടങ്കൽ പാളയത്തിലേക്ക് അയയ്ക്കുന്നില്ലെന്നും അത്തരം കേന്ദ്രങ്ങൾ രാജ്യത്തില്ലെന്നും പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും മോഡി കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദങ്ങളൊക്കെ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്.
Story Highlights: Detention Camp, Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here