ഇന്ത്യയിലാദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് ഒരു തലശേരിക്കാരൻ; അറിയാം അധികമാർക്കുമറിയാത്ത കേക്കിന്റെ ചരിത്രം

ക്രിസ്മസ് സ്പെഷ്യല്‍
ക്രിസ്മസാണ് വരുന്നത്. ആഘോഷങ്ങൾക്ക് മധുരവും രുചിയും മണവും നൽകുന്നത് ക്രിസ്മസിന് തയാറാക്കുന്ന കേക്കുകളും. എന്നാൽ കേക്കുകൾ എവിടെ നിന്ന് വന്നു? ആരാണ് കേക്ക് കണ്ടുപിടിച്ചത്? യൂറോപ്പിൽ നിന്ന് വന്ന് നമ്മുടെ എല്ലാമിഷ്ടം പിടിച്ചുപറ്റിയ ഈ മധുര വീരന്റെ വിശേഷങ്ങൾ നമുക്ക് നോക്കാം…
കേരളവും കേക്കും
ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് നമ്മുടെ കൊച്ചുകേരളത്തിലാണ്. രുചിയുടെ ആസ്ഥാനമായ തലശേരിയിൽ 1883ൽ മാമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇന്ത്യയിൽ കേക്കുണ്ടാക്കിയത്.
ബർമയിൽ നിന്ന് ബിസ്‌ക്കറ്റ് ബേക്കിംഗ് പഠിച്ച് തിരിച്ചെത്തിയ ബാപ്പുവിനോട് കേക്കുണ്ടാക്കുമോ എന്ന് ചോദിച്ചത് മുർഡോച്ച് ബ്രൗൺ എന്ന കറുവാപ്പട്ട കർഷകനാണ്. അയാൾ തന്നെ റെസിപ്പിയും കൊടുത്തു. ബാപ്പു ഉണ്ടാക്കിയ കേക്ക് അസ്സലായെന്നാണ് കഥ.
ആ സമയത്ത് ബംഗാളിൽ മാത്രമേ ബേക്കറിയുണ്ടായിരുന്നുള്ളു. അവർ മധുരപലഹാരങ്ങളുണ്ടാക്കിയിരുന്നത് ബ്രിട്ടീഷുകാർക്ക് വേണ്ടി മാത്രവും. എന്നാൽ ബാപ്പു ബ്രീട്ടിഷ് രുചികൾ മലയാളികളുടെ നാവിൻ തുമ്പിലുമെത്തിച്ചു.
Read Also: ക്രിസ്മസ് ട്രീക്കായ് പ്രകൃതി സൗഹൃദ അലങ്കാരങ്ങളുമായി നേഹ
സ്വതന്ത്ര ഇന്ത്യയിൽ ആദ്യം കേക്കുകൾ ഉണ്ടായിരുന്നത് പണക്കാരുടെയും പ്രമുഖരുടെയും പാർട്ടികളിലായിരുന്നു. 1955ന് ഇന്ത്യൻ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് 18 കിലോയുള്ള ക്രിസ്മസ് കേക്ക് മുറിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിലും മറ്റ് ബ്രിട്ടീഷുകാർ പാർത്തിരുന്ന നഗര പ്രദേശങ്ങളിലും കുന്നിൻപുറങ്ങളിലും അപ്പോഴും കേക്ക് സുലഭമായിരുന്നു. 1968ൽ രാജീവ്-സോണിയ ഗാന്ധി വിവാഹത്തിന് മുറിച്ചത് മൂന്ന് തട്ടുകളുള്ള കേക്കാണ്.
കേക്കിന്റെ ലോകചരിത്രം
പ്ലം പോറിഡ്ജ് എന്ന് യൂറോപ്പിൽ അറിയപ്പെട്ടിരുന്ന ഭക്ഷണമാണ് പിന്നീട് കാലാന്തരത്തിൽ പേരുമാറി ഇപ്പോൾ കാണുന്ന കേക്കായത്. ഓട്‌സ് കുറുക്കി അതിൽ ഉണക്കമുന്തിരിയും മറ്റും ചേർത്താതാണ് പ്ലം പോറിഡ്ജ്. ക്രിസ്മസ് തലേന്ന്, നോമ്പിന് ശേഷം വയറ് പാകപ്പെടുത്താനായാണ് ഈ ഭക്ഷണം കഴിച്ചിരുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓട്‌സ് മാറ്റി ആളുകൾ മൈദയും ബട്ടറും മുട്ടയും ഒക്കെ ചേർത്തുതുടങ്ങി. അങ്ങനെയാണ് പോറിഡ്ജ് മാറി പ്ലം കേക്കായി രൂപമാറ്റം വന്ന് തുടങ്ങിയത്.
പിന്നീട് കൂടുതൽ ഡ്രൈ ഫ്രൂട്ട്‌സും പലതരത്തിലുള്ള ഫ്‌ളേവറുകളും കേക്കിന് കൊടുത്ത് തുടങ്ങി. കിഴക്ക് നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് ജ്ഞാനികൾ സമ്മാനമായി കൊണ്ടുവന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ പ്രതീകമായാണ് കേക്കിൽ ഇതൊക്കെ ചേർക്കാൻ തുടങ്ങിയതെന്നാണ് വിശ്വാസം.
ബേക്കിംഗ് കടന്നുവന്ന കഥ
ബേക്കിംഗിലൂടെ ആദ്യമായി കേക്കുണ്ടാക്കിയത് ഈജിപ്ത്കാരാണെന്ന് പറയപ്പെടുന്നു. ഐസിംഗോട് കൂടി, നല്ല വട്ടത്തിൽ കേക്കുണ്ടാക്കി തുടങ്ങിയത് യൂറോപ്പിലാണ്. 17ാം നൂറ്റാണ്ട് മുതലാണ് ഐസിംഗ് ചെയ്ത കേക്കുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. നല്ലയിനം ഗോതമ്പുപയോഗിച്ച് മൊരിച്ചുണ്ടാക്കിയ കേക്കിനായിരുന്നു ആദ്യകാലങ്ങളിൽ ഡിമാന്റ്.
ഇംഗ്ലീഷുകാരാണ് ആദ്യം ഈ പലഹാരത്തെ കേക്കെന്ന് വിളിച്ച് തുടങ്ങിയത്. വൈക്കിംഗുകളിൽ നിന്നാണ് കേക്ക് എന്ന പേരിന്റെ ഉത്ഭവം. പഞ്ചസാരയോ തേനോ ചേർത്ത് ബേക്ക് ചെയ്ത ഗോതമ്പ് മാവിൽ നിന്നുണ്ടാക്കുന്ന മധുര പലഹാരം എന്നാണർത്ഥം. വളരെ എളുപ്പമുണ്ടാക്കാവുന്ന ബ്രഡ് രൂപത്തിലുള്ള പലഹാരമെന്നും പറയാം.
ചീസ് കേക്ക് ആദ്യം രൂപമെടുത്തത് ഗ്രീസിലാണ്. ഫ്രൂട്ട് കേക്കുകൾ ആദ്യമുണ്ടാക്കിത്തുടങ്ങിയത് റോമൻകാരും. ആദ്യമൊക്കെ വലിയ രീതിയിൽ ഡെക്കറേറ്റ് ചെയ്ത കേക്കുകൾ ആഘോഷങ്ങൾക്ക് അലങ്കാരമായാണ് പ്രദർശിപ്പിച്ചികൊണ്ടിരുന്നത്. പിന്നീട് ഫ്രഞ്ചുകാരാണ് ഭക്ഷണത്തിന് ശേഷം മധുരമായി കേക്ക് കഴിക്കാൻ തുടങ്ങിയത്. അപ്പോഴും കേക്കിന് കൂട്ട് ചായയോ കാപ്പിയോ ആയിരുന്നു.
19ാം നൂറ്റാണ്ടിലാണ് ബേക്കിംഗ് സോഡയുപയോഗിച്ച് കേക്കുണ്ടാക്കിത്തുടങ്ങിയത്. പിന്നെ ഓവനും കൂടിയെത്തിയതോടെ കേക്കുണ്ടാക്കൽ സിംപിളായി. പിന്നീട് കേക്കിൽ വിവിധതരം പരീക്ഷണങ്ങളുണ്ടായി.
ഒരോ ക്രിസ്മസ് കാലത്തും വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലെത്തുന്നു. ബ്ലാക്ക് ഫോറസ്റ്റ്, വെറ്റ് ഫോറസ്റ്റ്, ചോക്ലേറ്റ്, വാഞ്ചോ, വിവിധ തരം പഴങ്ങൾ എന്നിങ്ങനെ വിവിധ ഫഌവറിൽ കേക്കുകളിപ്പോൾ സുലഭം. അവസരങ്ങൾക്കനുസരിച്ച് ഫോട്ടോ പതിച്ചതും വ്യത്യസ്തമായ ഷേപ്പുകളിലുമുള്ള കേക്കുകളിപ്പോൾ വിപണിയിലുണ്ട്. വീട്ടിൽ തന്നെ രുചികരമായി വ്യത്യസ്തത പരീക്ഷിക്കുന്നവരും ഉണ്ട് കെട്ടോ.. കേരളമൊട്ടാകെ ഇപ്പോൾ കേക്കുണ്ടാക്കുന്നവർക്ക് നല്ല മാർക്കറ്റാണ്.
history of cakes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here