Advertisement

ജാര്‍ഖണ്ഡിലെ തോല്‍വി; ബിജെപി പ്രതിരോധത്തില്‍

December 23, 2019
1 minute Read

പി പി ജെയിംസ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ കളഞ്ഞുകുളിച്ച് ഒറ്റയ്ക്ക് മുന്നേറാനുള്ള നീക്കം കോണ്‍ഗ്രസിനെ നിലംപരിശാക്കിയിരുന്നു. അതേ അഹങ്കാരവും പൗരത്വ ഭേദഗതി നിയമവും ഇത്തവണ ജാര്‍ഖണ്ഡില്‍ ബിജെപിക്കും കെണിയായി. അധികാരം നഷ്ടമായെന്നു മാത്രമല്ല, നിലവിലെ ബിജെപി മുഖ്യമന്ത്രി രഘുബര്‍ദാസ് വിമതനോട് തോറ്റമ്പി.

മഹാരാഷ്ട്രയില്‍ ശിവസേനയോട് ഏറ്റുമുട്ടി തന്ത്രപരമായ തോല്‍വി ഏറ്റു വാങ്ങിയതിനു പിന്നാലെ വീണ്ടും പരാജയം ബിജെപിയെ ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞരെ കടത്തിവെട്ടിയാണല്ലോ സമകാലീന രാഷ്ട്രീയത്തിലെ ചാണക്യന്മാരായ നരേന്ദ്ര മോദിയും അമിത്ഷായും രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി നാട്ടിയത്. ദേശീയതയും പാക് വിരോധവും അവര്‍ വോട്ടുകളാക്കി. എന്നാല്‍ അതേ തന്ത്രം ജാര്‍ഖണ്ഡില്‍ ഫലം കണ്ടില്ല.

ദേശീയതയ്ക്കു പുറമേ രാമക്ഷേത്രവും പൗരത്വ നിയമ ഭേദഗതിയും കാശ്മീരില്‍ 370 ാം വകുപ്പ് എടുത്ത് കളഞ്ഞതും ബിജെപി എടുത്തു പയറ്റി. കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജനകീയ പ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും ജല ദൗര്‍ലഭ്യവും ബിജെപിയുടെ മത രാഷ്ട്രീയവും തുറുപ്പുചീട്ടാക്കി. എന്തായാലും ബിജെപിയുടെ മതരാഷ്ട്രീയ വാദത്തിന് തിരിച്ചടി ഏറ്റു.

Read Also: ട്രംപ് പുറത്താവില്ല; നാണംകെടും

ഗോത്ര മേഖലയില്‍ അടിതെറ്റിയതാണ് ബിജെപിയെ ഏറെ അമ്പരപ്പിച്ചത്. 35 ശതമാനം ഗോത്രവര്‍ഗക്കാരുള്ള സംസ്ഥാനമാണ് ജാര്‍ഖണ്ഡ് എന്നോര്‍ക്കണം. മൂന്നാം തവണ മുഖ്യമന്ത്രിയായിരുന്ന സന്താള്‍ ഗോത്രവര്‍ഗക്കാരന്‍ ഷിബു സോറന്റെ മകന്‍ ഹേമന്ത് സോറനെ മുന്നില്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസ് പോര് ഫലം കണ്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ഈ ആശ്വാസ വിജയം. ബിജെപി സര്‍ക്കാരിനെതിരെയുള്ള ആക്രമണത്തിന്റെ മൂര്‍ച്ച ഇനി കൂടും.

ജാര്‍ഖണ്ഡിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറന്‍. മൂത്ത സഹോദരന്‍ ദുര്‍ഗ സോറന്റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ഹേമന്ത് പത്തുവര്‍ഷത്തിനുള്ളില്‍ കുതിച്ചുയര്‍ന്നത് റോക്കറ്റ് വേഗത്തിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കും മുന്‍പേ ഹേമന്ത് വെടിപൊട്ടിച്ചുകഴിഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയരാമെന്നും മറ്റു കക്ഷികളെ കൂട്ടി രാഷ്ട്രീയ കച്ചവടം നടത്താമെന്നുമുള്ള ബിജെപിയുടെ മോഹങ്ങള്‍ക്കും അടിയേറ്റു.ഹേമന്തിന്റെ ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഗാന്ധിജിയുടെ സമാധിയില്‍ നടന്ന കോണ്‍ഗ്രസ് സത്യഗ്രഹവും തമിഴ്‌നാട്ടിലെ മഹാറാലിയുമടക്കം രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം പടരുകയാണ്. ഒന്നിനു പിറകെ ഒന്നായുള്ള തിരിച്ചടി ബിജെപി സര്‍ക്കാരിന്റെ ആത്മവിശ്വാസത്തിനാണ് തിരിച്ചടിയാകുന്നത്. എന്നാല്‍ നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ടിനെ തള്ളിപ്പറയാറായിട്ടില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തോറ്റമ്പിയ ബിജെപിയെ തൊട്ടടുത്ത മാസങ്ങളില്‍ ഉയര്‍പ്പിച്ച് കേന്ദ്രഭരണം പിടിച്ചെടുത്ത തന്ത്രങ്ങള്‍ ഇപ്പോഴും അവരുടെ ആവനാഴിയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top