ഗുരുതര അപകടങ്ങൾക്ക് അടിയന്തര ചികിത്സാ സൗകര്യമില്ല; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ വൻ പ്രതിഷേധം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗുരുതര അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള സൗകര്യം ലഭ്യമാകാത്തതിൽ വൻ പ്രതിഷേധം. ട്രോമാകെയർ സംവിധാനമോ വിഷചികിത്സയോ ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഡയാലിസിസ് യൂണിറ്റ് ട്രോമാകെയർ നിർമിച്ചത്. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കട്ടിലുകൾ വാങ്ങിയതല്ലാതെ ട്രോമാകെയർ പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഒന്നും തന്നെ വാങ്ങിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ശസ്ത്രക്രിയ മുറിയോ വിദഗ്ധ ന്യൂറോ സർജനോഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയക്കുന്നതും പതിവായിരിക്കുകയാണ്. കിഴക്കൻ മലയോര മേഖലകളിൽ നിന്ന് പാമ്പുകടിയേറ്റ രോഗികളെ കൊണ്ടുവരുമ്പോൾ ചികിത്സ ലഭ്യമാകാതെ മടക്കി അയക്കുന്നതും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
വിഷ ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനുള്ള റിപ്പോർട്ടുകൾ ആശുപത്രി അധികൃതർ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിനും വകുപ്പ് മന്ത്രിക്കും നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. അടിയന്തരമായി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ട്രോമാകെയറിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം വിഷ ചികിത്സയും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
protest, kotarakkara thaluk hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here