Advertisement

‘തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത ഭീരുക്കളല്ല’; മുസ്ലിം ലീഗിലേക്കെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എഎം ആരിഫ്

December 24, 2019
Google News 2 minutes Read

താൻ മുസ്ലിം ലീഗിലേക്ക് ചേക്കേറുമെന്ന ജന്മഭൂമിയുടെ പ്രചാരണത്തിനു മറുപടിയുമായി സിപിഐഎം എംപി എഎം ആരിഫ്. തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും നുണ പ്രചരിപ്പിക്കുന്നവർക്ക് അതാവാമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റിലൂടെയാണ് ആരിഫ് ആരോപണങ്ങൾക്കെതിരെ രംഗത്തു വന്നത്.

താൻ കോൺഗ്രസിലേക്കെന്നു പറഞ്ഞ് മുൻപും ജന്മഭൂമി തനിക്കെതിരെ വ്യാജവാർത്ത നൽകിയിട്ടുണ്ടെന്ന് ആരിഫ് പറഞ്ഞു. ആർഎസ്എസ് നെ നിരവധി വിഷയങ്ങളിൽ തുറന്നു കാണിച്ചു എതിർത്ത് കൊണ്ട് പാര്ലിമെന്റിൽ ഉൾപ്പടെ നിലപാടുകൾ എടുക്കുന്നത് ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ല എന്നറിയാം. അതുകൊണ്ടാണ് ജന്മഭൂമി ഇത്തരം വ്യാജ വാർത്തകൾ ഉയർത്തികൊണ്ട് വരുന്നതെന്നും അദ്ദേഹം പറയുന്നു.

ആരിഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മനോരമ മുതൽ ജന്മഭൂമി വരെയുള്ള വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ 2006 മുതൽ നടത്തുന്ന പ്രചാരണത്തിന്റെ മൂർദ്ധന്യാവസ്ഥയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. 2006 ൽ അരൂരിന്റെ എംഎൽഎ ആയതു മുതൽ മേൽപ്പറഞ്ഞ മാധ്യമങ്ങളും, അവരുടെ കയ്യാളുകളും, നിരന്തരമായി തേജോവധം ചെയ്യുവാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ”ആരിഫ് കോൺഗ്രെസ്സിലേയ്ക്ക്” എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ നടത്തിയ കള്ള പ്രചാരണം. ആ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് മൂന്നു തവണ അരൂരിൽ നിന്നും എംഎൽഎ ആയതും, ഓരോ തവണയും, ഭൂരിപക്ഷം വർധിപ്പിച്ച്, ജനങ്ങളുടെ വിശ്വാസ്യത നേടിയതും.
ആ ഒരു സ്ഥാനത്തേയ്ക്ക് എന്നെ പാർട്ടി നിർദേശിച്ചതും എന്റെ പാർട്ടിക്ക് എന്നെ കുറിച്ച് ഉത്തമ ബോധ്യമുള്ളത് കൊണ്ട് മാത്രമാണ്.കമ്മ്യൂണിസ്റ്റ് കാരെ കുറിച്ച് ബൂർഷ്വാ പത്രങ്ങൾ നല്ലതു എഴുതിയാൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നു ഇഎംഎസ് പറഞ്ഞത് ഈ അവസരത്തിൽ ഓർത്തു പോകുകയാണ്.

പെട്ടന്നൊരു സുപ്രഭാതത്തിൽ നിങ്ങൾ പാടി പുകഴ്ത്തുന്ന ചിലരെപ്പോലെ പാർട്ടിയുടെ നേതാവായി വന്ന വ്യക്തിയല്ല ഞാൻ. CPIM ന്റെ താഴെത്തട്ടു മുതൽ ജനങ്ങളുടെ ഇടയിൽ,പ്രവർത്തിച്ചുതന്നെയാണ്,കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ട ഇതിഹാസങ്ങൾ രചിച്ച പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചേർത്തലയിൽ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചതും, 23 വർഷമായി പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്നതും. നിരവധി സമര പോരാട്ടങ്ങളിൽ പങ്കെടുത്തു ജയിൽവാസം ഉൾപ്പടെ അനുഭവിക്കുകയും, പാർട്ടിയുടെ നയത്തോടും പരിപാടികളോടും ചേർന്ന് നിൽക്കുകയും ചെയ്തതു കൊണ്ട് തന്നെ ആണ് ആലപ്പുഴയിലെ സഖാക്കൾ കയ്യും മെയ്യും മറന്നു പ്രവർത്തിച്ച്,ലോക്സഭയിലേക്ക് ചരിത്ര വിജയം സമ്മാനിച്ചതും. ആ സഖാക്കൾക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തെറ്റുപറ്റിയിട്ടില്ല എന്നതിന് തെളിവാണ് പാർലിമെന്റിൽ കിട്ടുന്ന കുറഞ്ഞ സമയത്തു പോലും ചർച്ചകളിൽ പങ്കെടുക്കുകയും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി കൊണ്ട് വരികയും ചെയ്യുന്നത്. ആർഎസ്എസ് നെ നിരവധി വിഷയങ്ങളിൽ തുറന്നു കാണിച്ചു എതിർത്ത് കൊണ്ട് പാര്ലിമെന്റിൽ ഉൾപ്പടെ നിലപാടുകൾ എടുക്കുന്നത് ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ല എന്നറിയാം. അതുകൊണ്ടാണ് ജന്മഭൂമി ഇത്തരം വ്യാജ വാർത്തകൾ ഉയർത്തികൊണ്ട് വരുന്നത്. അത് പ്രചരിപ്പിക്കുന്നവർക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടാകാം. പാർട്ടിയിൽ നടന്നിട്ടില്ലാത്ത ഒരു ചർച്ച നടന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന അത്തരം ആളുകളുടെ ഒരു ലക്ഷ്യവും വിജയിക്കുവാൻ പോകുന്നില്ല.ആരിഫ് പോരാട്ടപഥങ്ങളിൽ തന്നെ ഉണ്ടാകും. എന്നെ ഇല്ലാതാക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആളുകൾക്ക് ഇത്തരം ബൂർഷ്വ പത്രങ്ങളിൽ ഉള്ള സ്വാധീനം ഇതിൽ നിന്നും മനസ്സിലാക്കൻ കഴിയും.

മുസ്‌ലിം ലീഗിലേക്ക് ആരിഫ്’ എന്നാണ് ഇപ്പോൾ ജന്മഭൂമി ഉയർത്തുന്ന കള്ള പ്രചാരണം. ഇന്ത്യയെന്ന മതേതര രാജ്യത്തിനു കളങ്കം ഉണ്ടാക്കുവാൻ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബിജെപി സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പാർട്ടിയുടെ അംഗമാണ് ഞാൻ. ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കു എതിരെയുള്ള സംഘപരിവാർ ഗൂഢനയത്തിനു എതിരെ പാർലമെന്റിലും പുറത്തും നിലപാട് എടുക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്നത് അടിച്ചമർത്തപ്പെടുന്നവന്റെ ഒപ്പം നിൽക്കുക എന്നതിന്റെ ഭാഗമാണ്. അതിനെ വളച്ചൊടിച്ചു ലീഗിലേക്ക് പോകുന്നു എന്ന ഗീബൽസിയൻ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിർപ്പ് പ്രകടിപ്പിക്കുവാൻ കെൽപ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ്. ഞാൻ എന്നും ഈ പാർട്ടിയുടെ കൂടെ ,പാർട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ, തന്നെ ഉണ്ടാവും.
നുണ പ്രചരിപ്പിക്കുന്നവർ അത് തുടർന്നോളൂ.. എന്നെ ഈ നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം.ആ ശക്തിയാണ് മുന്നോട്ടുള്ള യാത്രയിൽ എക്കാലവും ഉണ്ടായിരുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

എനിക്ക് എതിരെ മാത്രം സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ നടത്തുന്ന അപകീർത്തി പ്രചാരണത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ട്.

മിനിറ്റ് വച്ച് നിലപാടും പാർട്ടിയും മാറാൻ എന്നെ നയിക്കുന്നത്, മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല. സാമ്രാജ്യത്വത്തിന്റെയും കൊടിയദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകളെ നെഞ്ചു വിരിച്ചു നേരിട്ട പുന്നപ്ര – വയലാർ ധീര സഖാക്കൾ ആണ്.

Story Highlights: AM Ariff, Janmabhumi, Facebook Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here