കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കി; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും

കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശയില്‍ സ്വര്‍ണ വായ്പ നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. വായ്പാ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുകയാണ് വേണ്ടതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള കാര്‍ഷിക വായ്പാ പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരെയാണ് ബാധിക്കുന്നത്. കേന്ദ്ര നിര്‍ദേശപ്രകാരം ബാങ്കുകള്‍ നടപടി തുടങ്ങുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്. നാല് ശതമാനം പലിശയില്‍ മൂന്ന് ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് സ്വര്‍ണ വായ്പയായി ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതായത്.
കേന്ദ്രത്തിന്റേത് കര്‍ഷക ദ്രോഹ നയമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് സ്വര്‍ണവായ്പാ സൗകര്യം ഒരുക്കണമെന്നും കൃഷി വകുപ്പ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here