Advertisement

സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ശ്രമം; ചാക്കുകളിൽ കല്ലുകളെത്തിച്ചു; മംഗലാപുരം അക്രമസംഭവങ്ങൾ ആസൂത്രിതമെന്ന് റിപ്പോർട്ട്

December 24, 2019
Google News 1 minute Read

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ടു പേരാണ്. പ്രതിഷേധം അക്രമാസക്തമായെന്നും പൊലീസിനെതിരെ പ്രതിഷേധക്കാർ അക്രമം അഴിച്ചു വിട്ടുവെന്നും നിയന്ത്രിക്കാൻ സാധിക്കാതായപ്പോഴാണ് പൊലീസ് വെടിയുതിർത്തതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നു തെളിയിക്കുന്ന റിപ്പോർട്ട് ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുകയാണ്.

മംഗലാപുരത്തെ ഏഴ് വ്യത്യസ്ത ഇടങ്ങളിലുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു വിടുന്നതെന്ന് ഇന്ത്യാ ടുഡേ പറയുന്നു. ബുന്ദേര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അക്രമികൾ എത്തിയതെങ്ങനെയെന്ന് ഈ സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രകാരം, ഡിസി ഓഫിസിനു പുറത്തുള്ള റാവു&റാവു സിർക്കിളിലാണ് അക്രമകാരികൾ ആദ്യം ഒത്തു ചേർന്നത്. തുടർന്ന് ഇവർ ബുന്ദേര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നീങ്ങി. പുറമെ നിന്നുള്ള സഹായം എത്താതിരിക്കാൻ പൊലീസ് സ്റ്റേഷനിലേക്കുള്ള നാല് പാതകളും അക്രമകാരികൾ അടച്ചു. പൊലീസ് സ്റ്റേഷനരികിലുണ്ടായിരുന്ന ഒരു ടെമ്പോക്ക് സമീപം കല്ല് നിറച്ച ചാക്കുകൾ ഇവർ ഇറക്കി വെക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഉച്ചതിരിഞ്ഞ് രണ്ട് മണിയായപ്പോഴാണ് കാര്യങ്ങൾ വഷളാവാൻ തുടങ്ങിയത്. നേരത്തെ ഇറക്കി വെച്ച ചാക്കുകളിൽ നിന്ന് കല്ലുകളെടുത്ത് മുഖംമൂടി ധരിച്ച അക്രമകാരികൾ പൊലീസിനെ എറിയാൻ തുടങ്ങി. ഒരു ബസിൽ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസിനെ ഇരുമ്പു ദണ്ഡുപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്ത് ഇവർ തടഞ്ഞു. അക്രമകാരികളിൽ നിന്ന് അകന്നു പോകവേ ബസിനു നേർക്കുള്ള കല്ലേർ വർധിച്ചു. തുടർന്ന് കൂടുതൽ ഇരുമ്പുദണ്ഡുകളും കാളവണ്ടിയും ഉപയോഗിച്ച് റോഡ് അടച്ചു. കുറച്ച് ആളുകൾ പ്രദേശത്തെ സിസിടിവി ക്യാമറകളുടെ കാഴ്ച മറക്കാൻ ശ്രമം നടത്തി. മുഖം മറച്ച ചിലർ വടികളുപയോഗിച്ച് ക്യാമറ തിരിച്ചു വെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

4.30നും 4.45നും ഇടയിൽ അക്രമകാരികൾ പൊലീസ് സ്റ്റേഷനരികിലേക്ക് വന്ന് കല്ലേർ ശക്തമാക്കി. കല്ലേറ് തുടരുന്നതിനൊപ്പം മുഖംമൂടിധാരികളായ ചിലർ റോഡിനു നടുവിൽ ടയറും പാഴ് വസ്തുക്കളും കൂടി കത്തിച്ചു. സമീപത്തെ, തോക്കുകളും വെടിക്കോപ്പുകളും വില്പന നടത്തുന്ന കട തകർത്ത് അകത്തു കയറാൻ ഇവർ ശ്രമിച്ചു. എന്നാൽ ലോക്ക് തകർക്കാൻ അക്രമകാരികൾക്കായില്ല. ആ സമയത്ത് കടയിൽ വെടിക്കോപ്പുകളുണ്ടായിരുന്നു.

കൂടുതൽ സേനക്ക് അവിടേക്കെത്താനുള്ള സാഹചര്യം ഇല്ലാതായതോടെ അക്രമകാരികൾ പൊലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ ശ്രമം നടത്തി. അപ്പോഴാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. അക്രമകാരികൾ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. ഇതും ഫലിക്കാതെ വന്നപ്പോഴാണ് വെടിവെപ്പുണ്ടായത്. സ്റ്റേഷനിൽ തോക്കുകളും വെടിക്കോപ്പുകളും ഉണ്ടായിരുന്നെന്നും അത് അക്രമകാരികൾ കൈവശപ്പെടുത്താതിരിക്കാനാണ് വെടിവെച്ചതെന്നും പൊലീസ് പറയുന്നു. സ്റ്റേഷനിൽ 1000ഓളം പൊലീസുകാരാണ് ഉണ്ടായിരുന്നതെന്നും അക്രമകാരികൾ 5000നു മുകളിലുണ്ടായിരുന്നുവെന്നും പൊലീസ് അവകാശപ്പെടുന്നു.

Story Highlights: Citizenship Amendment Act, Protest, Mangalore Police Firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here