ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ അതൃപ്തിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിലെ നിയന്ത്രണങ്ങൾ അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും പ്രസിഡന്റ് എൻ. വാസു ആരോപിച്ചു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നിയമന്ത്രണങ്ങളെക്കുറിച്ചുളള അതൃപ്തി ഡിജിപിയുൾപ്പടെയുളളവരെ അറിയിക്കുമെന്നും എൻ.വാസു പറഞ്ഞു.
ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ഇടത്താവളങ്ങളിൽ പൊലീസ് വാഹന നിയമന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, എരുമേലിയിൽ നിന്നും പമ്പയിലേക്കെത്താൻ 7 മണിക്കൂർ സമയം എടുക്കുന്നുണ്ട്. സൂര്യഗ്രഹണ ദിവസമായ നാളെ ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടുന്നതിനാൽ ഈ നിയന്ത്രണങ്ങൾ തീർത്ഥാടകർക്ക് തിരിച്ചടിയാകുമെന്നാണ് ബോർഡിന്റെ പരാതി. തീർത്ഥാടകരുടെ നിര മരക്കൂട്ടം വരെ നീളുമ്പോഴും സന്നിധാത്തെ ഫ്ളൈ ഓവറിൽ തിരക്കില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസി ബസുകൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് തിരികെ പോകാൻ വാഹനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പതിനെട്ടാം പടി കയറുന്ന തീർഥാടകരോടുള്ള പൊലീസ് സമീപനത്തിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നാളെ രാവിലെയാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here