പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് കെ സുരേന്ദ്രൻ
പൗരത്വ നിയമഭേദഗതിക്കെതിരായ സമരം തകരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സമരത്തിനു പിന്നിൽ തീവ്രവാദശക്തികളും മതമൗലിക വാദികളുമാണെന്നും ഭൂരിപക്ഷത്തിൻ്റേതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻപിആർ നടത്താൻ തയ്യാറല്ലെന്ന് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
“കേരളത്തിൽ ജനസംഖ്യാ കണക്കെടുപ്പു നടത്താൻ തയ്യാറല്ലെന്ന് പറയാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് എന്ത് അധികാരം? കണക്കെടുപ്പ് പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമാകും. സമരത്തിനു പിന്നിൽ തീവ്ര വാദ ശക്തികളും മതമൗലീകവാദികളുമാണ്. കേരളത്തിൽ ലീഗും സിപിഎമ്മും ഭാവിയിൽ സഖ്യമുണ്ടാകും. കോൺഗ്രസിന് ഇപ്പോഴും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല.”- സുരേന്ദ്രൻ പറഞ്ഞു.
കൊച്ചിയിൽ സിനിമാ പ്രവർത്തകർ നടത്തിയ പ്രതിഷേധ റാലിക്കെതിരെയും സുരേന്ദ്രൻ രംഗത്തു വന്നു. ചില സിനിമാതാരങ്ങളും അർബൻ നക്സലുകളും മാധ്യമ പ്രവർത്തകരും കോൺഗ്രസും സിപിഐഎമ്മും ചേർന്നാണ് സമരം നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. സമരം ഭൂരിപക്ഷത്തിൻ്റേതല്ല. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം തകർന്ന് പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ആനുകൂല്യങ്ങളും കിട്ടാതെ വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. സെൻസസ് പോലും കേരളത്തിൽ എടുക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. സെൻസസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: NRC, CAA, K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here