Advertisement

‘പാകിസ്താൻ അല്ലെങ്കിൽ കബറിസ്താൻ’; യുപിയിൽ 72കാരനെയും കുടുംബത്തെയും വീട്ടിൽ കേറി ആക്രമിച്ച് 30 പൊലീസുകാർ: ചിത്രങ്ങൾ

December 26, 2019
Google News 1 minute Read

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 72കാരനെയും കുടുംബത്തെയും അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച് ഉത്തർപ്രദേശ് പൊലീസ്. 72കാരനായ ഹാജി ഹാമിദ് ഹസനെതിരെയാണ് യുപി പൊലീസ് അക്രമം അഴിച്ചു വിട്ടത്. ടെലഗ്രാഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ 30ഓളം പൊലീസുകാർ വീട്ടിലേക്ക് ഇരച്ചു കയറിയെന്ന് ഹസൻ പറയുന്നു. പൊലീസുകാരിൽ പലരും യൂണിഫോമിലായിരുന്നില്ല. പലർക്കും നെയിംബാഡ്ജും ഉണ്ടായിരുന്നില്ല. പ്രതിരോധിച്ച തന്നെ റൈഫിൾ കൊണ്ട് അവർ മർദ്ദിച്ചുവെന്നും വീട് കൊള്ളയടിച്ച് വാഷ്‌ബേസിന്‍, ബാത്ത് റൂം ഫിറ്റിങ്‌സുകള്‍, ഫര്‍ണിച്ചര്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ വീട്ടു സാധനങ്ങള്‍ നശിപ്പിച്ചുവെന്നും ഹസൻ പറയുന്നു.

“ഞാന്‍ കരഞ്ഞു കൊണ്ട് ദയക്കായി യാചിച്ചു. പക്ഷേ, അവരുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു. മുസ്ലിങ്ങൾക്ക് രണ്ട് സ്ഥലമേ ഉള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. ഒന്നുകില്‍ പാകിസ്താന്‍, അല്ലെങ്കില്‍ ഖബറിസ്ഥാന്‍. നാല്പത് മിനിട്ടോളം അവർ വീട്ടിലുണ്ടായിരുന്നു. വീട്ടിലെ എല്ലാം തകർത്തതിനു ശേഷം തങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി വീട്ടിലെ ആഭണവും അലമാരയില്‍ സൂക്ഷിച്ച അഞ്ചു ലക്ഷം രൂപയും അവർ കൊള്ളടിച്ചു. പേരക്കുട്ടികളുടെ വിവാഹത്തിന് വാങ്ങിയ ആഭരണങ്ങളായിരുന്നു അത്.”- ഹസൻ വെളിപ്പെടുത്തി.

വെള്ളിയാഴ്ച മുസഫർനഗറിൽ നടന്ന പ്രതിഷേധത്തിലാണ് ഹസൻ പങ്കെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികാരം ചെയ്യുകയാണെന്ന് ഹസൻ കുറ്റപ്പെടുത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത മുസ്ലിങ്ങളെ മാത്രമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഹസൻ പറഞ്ഞു. പൊലീസ് അതിക്രമത്തിൻ്റെ സമയത്ത് തൻ്റെ ഭാര്യ ഫാത്തിമ, സയൻസിൽ പിജി ബിരുദമുള്ള റുഖിയ പർവീൻ, ബിരുദധാരിയായ മുബഷിറ പർവീൻ എന്ന തൻ്റെ രണ്ട് പേരക്കുട്ടികളുമായി ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകളെ പൊലീസുകാർ ഉപദ്രവിച്ചു എന്നും മകൻ ഷാഹിദിനെ തല്ലി പിടിച്ചു കൊണ്ട് പോയെന്നും ഹസൻ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന തെറ്റ് മാത്രമാണ് മകൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ഫെബ്രുവരി നാലിനു വിവാഹം നിശ്ചയിച്ചിരുന്ന തൻ്റെ പേരക്കുട്ടികളുടെ വിവാഹ ക്ഷണക്കത്തുകളും ഹസൻ കാണിച്ചു. പൊലീസ് കൊണ്ടു പോയ തൻ്റെ മകനെ ഇതുവരെ വിട്ടിട്ടില്ല. അവനോട് തോക്ക് ചൂണ്ടി നിൽക്കാൻ പൊലീസുകാർ കല്പിച്ചെന്നും അങ്ങനെ നിൽക്കുന്ന ചിത്രം പൊലീസുകാർ എടുത്തെന്ന് മകൻ പറഞ്ഞുവെന്നും ഹസൻ പറഞ്ഞു.

Story Highlights: NRC, CAA, UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here