പൗരത്വ നിയമഭേദഗതി; ഇത്ര വലിയ ജനരോഷം ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് ഇത്ര കടുത്ത ജനരോഷമുണ്ടാവുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാൺ. ബിജെപി ജനപ്രതിനിധികൾക്കു പോലും പ്രതിഷേധം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മത്സ്യബന്ധന വകുപ്പുമന്ത്രിയായ സഞ്ജീവ് ബല്യാന്‍ പറഞ്ഞു. റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
“പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ മാത്രമല്ല, ബിജെപിയുടെ ജനപ്രതിനിധികള്‍ക്ക് പോലും ഇത്ര വലിയ ജനരോഷം ഉണ്ടാകുമെന്ന് പ്രവചിക്കാൻ സാധിച്ചില്ല.”- സഞ്ജീവ് പറഞ്ഞു. മറ്റു കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപി നേതൃത്വവും കണക്കുകൂട്ടലുകൾ തെറ്റിയതിൻ്റെ ആഘാതത്തിലാണ്.
നേരത്തെ തന്നെ, പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയിലും എൻഡിഎയിലും ഭിന്നസ്വരങ്ങൾ രൂപപ്പെട്ടിരുന്നു. എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരീഷദ്, ജെഡിയു, ശിരോമണി അകാലിദൾ തുടങ്ങിയവര്‍ നിയമത്തിനെതിരെ രംഗത്തു വന്നു. ശേഷം, നിയമത്തെ ചോദ്യം ചെയ്ത് ബംഗാൾ ബിജെപി വൈസ് പ്രസിഡൻ്റ് ചന്ദ്രകുമാർ ബോസ് രംഗത്തെത്തി. മുസ്ലിം വിഭാഗത്തെ എന്തുകൊണ്ടാണ് നിയമഭേദഗതിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്നും ചൂണ്ടിക്കാട്ടി.
ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തും നിയമഭേദഗതിയെ എതിർത്ത് രംഗത്തെത്തി. ഗോവയിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടെതില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ഗോവയിലെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: CAA, NRC, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here