Advertisement

ഐപിഎൽ ലേലം: ശക്തരിൽ നിന്നും അതിശക്തരായി മുംബൈ ഇന്ത്യൻസ്

December 27, 2019
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎൽ ലേലത്തിൽ ഏറ്റവും ബുദ്ധിപരമായി കരുക്കൾ നീക്കിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ലേലത്തിനു മുൻപ് തന്നെ ചില മികച്ച കളിക്കാരെ ടീമിലെത്തിച്ചിരുന്ന മുംബൈ ലേലത്തിലും തങ്ങളുടെ കുറവുകൾ അറിഞ്ഞ് പങ്കെടുത്തു. നേരത്തെ തന്നെ ശക്തമായ ടീമായിരുന്ന മുംബൈ ഈ ലേലത്തിൽ ചില സൂപ്പർ താരങ്ങളെക്കൂടി ടീമിലെത്തിച്ച് അതിശക്തമായ ടീമായി മാറിയിട്ടുണ്ട്.

ലേലത്തിനു മുൻപ് വിൻഡീസ് ഓൾറൗണ്ടർ ഷെർഫെയിൻ റൂതർ ഫോർഡിനെയും കിവീസ് പേസർ ട്രെൻ്റ് ബോൾട്ടിനെയും ഡൽഹി ക്യാപിറ്റൽസിൽ നിന്ന് റാഞ്ചിയ മുംബൈ രാജസ്ഥാനിൽ നിന്ന് മുംബൈ പേസർ ധവാൽ കുൽക്കർണിയെയും ടീമിലെത്തിച്ചു. വിട്ടു കളഞ്ഞത് മായങ്ക് മാർക്കണ്ഡെയെയും സിദ്ധേഷ് ലഡിനെയും. രാഹുൽ ചഹാർ എന്ന എക്സ്ട്രാ ഓർഡിനറി ലെഗ് സ്പിന്നർ ടീമിലുള്ളതു കൊണ്ട് തന്നെ മാർക്കണ്ഡെ ഒരു അധികപ്പറ്റാണ്. സിദ്ധേഷ് ലഡ് ആവട്ടെ മുംബൈ സ്ക്വാഡിൽ അത്ര പ്രധാനപ്പെട്ട താരവുമല്ല. അവർക്ക് പകരമെത്തിയ മൂന്നു പേരും ഫൈനൽ ഇലവനിൽ കളിക്കാൻ സാധ്യത ഉള്ളവരാണ്. ലസിത് മലിംഗയുടെ ഫൈനൽ ഇലവൻ സാധ്യത ഉറപ്പിക്കാനാവില്ല. പകരം എന്തുകൊണ്ടും കളിപ്പിക്കാവുന്ന താരമാണ് ബോൾട്ട്. ബുംറയും ബോൾട്ടും ചേർന്ന് ഓപ്പൺ ചെയ്യുന്ന മുംബൈ ബൗളിംഗ് എതിരാളികളെ വിറപ്പിക്കുമെന്നുറപ്പാണ്. ഷെർഫെയിൻ റൂതർഫോർഡ് വാലറ്റത്തിറങ്ങി കൂറ്റൻ ഷോട്ടുകൾ കളിക്കാനും രണ്ടോ മൂന്നോ ഓവറുകൾ ഫലപ്രദമായി എറിയാനും കഴിവുള്ള താരമാണ്. കുൽക്കർണിയും തള്ളിക്കളയാവുന്ന താരമല്ല. സ്പീഡ് വേരിയേഷനുകൾ ഫലപ്രദമായി ഉപയോഗിക്കുന്ന കൗശലക്കാരനായ ബൗളറാണ് കുൽക്കർണി. ഇത്തരത്തിൽ ശക്തരായ മൂന്നു താരങ്ങളെ എത്തിച്ചതിനു ശേഷമാണ് മുംബൈ ലേലത്തിനിറങ്ങിയത്.

രണ്ട് കോടി രൂപക്ക് ക്രിസ് ലിന്നിനെ ടീമിലെത്തിച്ചത് ഒരു ഗംഭീര നീക്കമായിരുന്നു. അക്ഷരാർത്ഥത്തിൽ കൊള്ളയടി എന്ന് തന്നെ പറയണം. ഡികോക്കിനൊപ്പം ലിൻ ഓപ്പൺ ചെയ്യുകയും രോഹിത് വൺ ഡൗൺ ഇറങ്ങുകയും ചെയ്യുക എന്നതോ അല്ലെങ്കിൽ രോഹിതും ഡികോക്കും ഓപ്പൺ ചെയ്ത് ലിൻ ബിബിഎല്ലിലെ പോലെ വൺ ഡൗൺ ഇറങ്ങുകയും ചെയ്യുക എന്നതോ ആണ് മുംബൈക്ക് ടോപ്പ് ഓർഡറിലുള്ള രണ്ട് ഓപ്ഷനുകൾ. ഒപ്പം സൂര്യകുമാറിനെ മധ്യനിരയിലേക്ക് മാറ്റി മിഡിൽ ഓർഡർ ശക്തമാക്കാനും സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ, മുംബൈ ബാറ്റിംഗ് നിരയുടെ ബാലൻസ് തന്നെ ലിൻ വരുന്നതോടു കൂടി ശക്തിപ്പെടും. ഇനി ലിൻ ഫോമായില്ലെങ്കിൽ പോലും വെറും രണ്ട് കോടി രൂപ ചെലവഴിച്ചു എന്നതു കൊണ്ട് തന്നെ വലിയ നഷ്ടവും ഉണ്ടാവില്ല.

നഥാൻ കോൾട്ടർനൈൽ നല്ല കളിക്കാരനാണ്. പേസ് വേരിയേഷനുകളുണ്ട്. ലിമിറ്റഡ് ഓവറിൽ വിശ്വസിക്കാവുന്ന താരമാണ്. അതും മികച്ച ഒരു ബൈ ആയിരുന്നു. 8 കോടി രൂപ ചെലവഴിച്ച് കോൾട്ടർനൈലിനെ ടീമിലെത്തിച്ചത് ഫൈനൽ ഇലവനിൽ ഉൾപ്പെടുത്താനല്ല എന്നാണ് തോന്നുന്നത്. ചെന്നൈ സൂപ്പർ കിംഗ്സുമായി പോരടിച്ചാണ് മുംബൈ, കോൾട്ടർനൈലിനെ ടീമിലെത്തിച്ചത്. റൈവൽ ടീമിന് ഒരു കളിക്കാരനെ ആവശ്യമുണ്ട് എന്ന തിരിച്ചറിവിൽ മുംബൈ വെറുതെ വാങ്ങിയതാവാനാണ് സാധ്യത. ലിൻ പർച്ചേസിൽ ‘വെറുതെ’ കളയാനുള്ള പണം മുംബൈ കണ്ടെത്തുകയും ചെയ്തിരുന്നല്ലോ. എന്തായാലും ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ധവാൽ കുൽക്കർണി, മിച്ചൽ മക്ലാനഗൻ എന്നിവരടങ്ങുന്ന മുംബൈ പേസ് ബാറ്ററിയിൽ കോൾട്ടർനൈൽ അധികപ്പറ്റ് തന്നെയാണ്. പക്ഷേ, ബെഞ്ച് സ്ട്രെങ്ത് ഉണ്ടെന്നുള്ളത് ഒരർത്ഥത്തിൽ നേട്ടവുമാണ്. വിദേശ താരങ്ങളിലാരെങ്കിലും ഫോം ഔട്ടാവുകയോ പരിക്കായി പുറത്താവുകയോ ചെയ്താൽ മറ്റൊരു ക്വാളിറ്റി പേസർ ഉണ്ടെന്ന ധൈര്യം ടീമിൻ്റെ ആത്മവിശ്വാസത്തിനും ഗുണകരമാവും.

മൊഹ്സിൻ ഖാൻ, ദിഗ്‌വിജയ് ദേശ്മുഖ്, ബൽവന്ത് റായ് സിംഗ് എന്നീ അൺകാപ്പ്ഡ് താരങ്ങളും സൗരഭ് തിവാരിയും മുംബൈക്കായി അരങ്ങേറാൻ തീരെ സാധ്യതയില്ല.

മൊത്തത്തിൽ, ക്രിസ് ലിൻ എന്ന ഒരൊറ്റ കളിക്കാരനെ ടീമിലെത്തിച്ചതു തന്നെ മുംബൈയെ ഒരു ഫ്ലോലസ് സംഘമാക്കിയിട്ടുണ്ട്. ഒപ്പം, ട്രെൻ്റ് ബോൾട്ടും ഷെർഫെയിൻ റൂതർഫോർഡും ധവാൽ കുൽക്കർണിയുമൊക്കെച്ചേർന്ന ‘പോസ്റ്റ് ഓക്ഷൻ’ സ്ട്രാറ്റജി കൂടിയായപ്പോൾ നിലവിലെ ചാമ്പ്യന്മാർ അതിശക്തമായ ഒരു സംഘമായി മാറി. പിന്നെ, ലേലത്തിലെ ബാക്കിയുള്ള പ്രകടനം ഒരു രസത്തിലങ്ങ് ചെയ്തതാവാനേ വഴിയുള്ളൂ.

Story Highlights: IPL Auction, Mumbai Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement