ആലപ്പുഴ കുടിവെള്ള പദ്ധതി; മന്ത്രിയുടെത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്: സിപിഐ

ആലപ്പുഴ കുടിവെള്ള പദ്ധതി പ്രശ്‌നത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. 2017-ൽ കമ്മീഷൻ ചെയ്ത പദ്ധതിയുടെ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെയാണ് അഴിമതി ആരോപണവും ശക്തമായത്.
Read Also: ആലപ്പുഴ കുടിവെള്ള പദ്ധതി; പ്രശ്‌നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു
നിരന്തരം പൊട്ടുന്ന കുടിവെള്ള പൈപ്പ് പൂർണമായി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. മന്ത്രിതല ചർച്ചകൾ ഇക്കാര്യത്തിൽ മുറക്ക് നടന്നെങ്കിലും തീരുമാനം മാത്രം നടപ്പാക്കപ്പെട്ടില്ല. ഇതോടെയാണ് ചർച്ചകൾ പ്രഹസനമാണെന്നും ഇതിനെതിരെ ശക്തമായ രണ്ടാം ഘട്ട പ്രക്ഷോഭം നടത്തുമെന്നും പ്രഖ്യാപിച്ച് സിപിഐ രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കാരെ സംരക്ഷിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് കുറ്റപ്പെടുത്തി.
രണ്ട് വർഷത്തിനിടെ മാത്രം 43 തവണ പൈപ്പുകൾ പൊട്ടി. ഇതോടെ ജനകീയ പ്രതിഷേധം ശക്തമായപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അഴിമതി വ്യക്തമായതോടെ ജലവിഭവ വകുപ്പ് മന്ത്രി തന്നെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എന്നാൽ നിലവാരമില്ലാത്ത പൈപ്പ് പദ്ധതിക്കായി ഉപയോഗിക്കുകയും അഴിമതി ആരോപണം നേരിടുകയും ചെയ്യുന്ന കരാറുകാരനെ മാറ്റാൻ മന്ത്രി തയാറാകാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഏതായാലും ഇടത് മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടി തന്നെ സ്വന്തം സർക്കാരിലെ മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത് വരും ദിവസങ്ങളിലും ചർച്ചക്ക് വഴിയൊരുക്കും.
allappy water supply project, minister k krishnan kutti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here