ആലപ്പുഴ കുടിവെള്ള പദ്ധതി; പ്രശ്‌നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വൈകും. പ്രശ്‌നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു. റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാതെ വന്നതോടെ അറ്റകുറ്റ പണി നടക്കാത്ത സ്ഥിതിയാണുള്ളതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്‌ന പരിഹാര സാധ്യത തേടി അടുത്ത ആഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും.
കുടിവെള്ള പദ്ധതി ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ 43 തവണ പൈപ്പ് പൊട്ടി. ഓരോ തവണ പൊട്ടുമ്പോഴും ലക്ഷക്കണക്കിനാളുകൾക്കാണ് ആലപ്പുഴയിൽ കുടിവെള്ളം മുടങ്ങുന്നത്. തകഴി ഭാഗത്തെനിലവാരം കുറഞ്ഞ ഒന്നരകിലോമീറ്റർ പൈപ്പ് മൂന്നുമാസത്തിനുള്ളിൽ പൂർണമായും മാറ്റി സ്ഥാപിച്ച് ശാശ്വതപരിഹാരം കാണാനായിരുന്നു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഡിസംബർ 15ന് ആരംഭിക്കേണ്ട പണി വൈകും.
പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ ജലവിഭവ, പൊതുമരാമത്ത് ,ധനമന്ത്രിമാർ ആലപ്പുഴയിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. തിരുവല്ല അമ്പലപ്പുഴ റോഡ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.ഒപ്പം പഴയ കരാറുകാരനെ തത്ക്കാലം മാറ്റി നിർത്താനാകില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രിയും.
തിരുവനന്തപുരത്തെ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത് പോലെ എംഎസ് പൈപ്പ് ഇടാൻ കഴിയില്ല. ഭൂമിശാസ്ത്രപരമായി ഇപ്പോൾ ഇട്ടിരിക്കുന്ന എച്ച്ഡിപിഇ പൈപ്പ് തന്നെ വാങ്ങേണ്ടിവരും. എംഎസ് പൈപ്പ് വാങ്ങാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights- Alappuzha, Drinking Water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here