Advertisement

‘സമനില’ തെറ്റിയില്ല; ബ്ലാസ്റ്റേഴ്സിന് ജയം ഇനിയും അകലെ

December 28, 2019
Google News 1 minute Read

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജയമില്ലാക്കളി തുടരുന്നു. ഉദ്ഘാടന മത്സരത്തിലെ ജയത്തിനു ശേഷം ഒരു മത്സരത്തിൽ പോലും വിജയിക്കാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിൽ സമനില പാലിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച മത്സരത്തിൽ റഫറിയുടെ മണ്ടൻ തീരുമാനമാണ് ബ്ലാസ്റ്റേഴ്സിന് ജയം നിഷേധിച്ചു. ഇതോടെ തുടർച്ചയായ ഒൻപതാം മത്സരത്തിലേക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ ‘വിൻഡ്ലെസ് സ്ട്രീക്ക്’ നീണ്ടത്.

മത്സരത്തിൻ്റെ സമസ്തമേഖലകളിലും ആധിപത്യം പുലർത്തിയെങ്കിലും ഫൈനൽ തേർഡിലെ ഗോൾവരൾച്ച തുടരുന്നതാണ് ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചടി. 60 ശതമാനം ബോൾ പൊസിഷനുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിനു വേണ്ടി പെനൽട്ടി സ്പോട്ടിൽ നിന്ന് ക്യാപ്റ്റൻ ബെർതലോമ്യൂ ഓഗ്ബച്ചെയാണ് ഗോൾ നേടിയത്. 43ആം മിനിട്ടിൽ നേടിയ ഈ ഗോളിൻ്റെ ആനുകൂല്യത്തിൽ ഒരു ഗോളിൻ്റെ ലീഡുമായാണ് മത്സരം ഹാഫ് ടൈമിൽ പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നു മിനിട്ടുകൾക്കകം റഫറിയുടെ ‘കളി’. ബോക്സിനുള്ളിൽ വെച്ച് സത്യസേനൻ സിംഗിൻ്റെ ദേഹത്തു തട്ടി പുറത്തു പോയ പന്ത് ഹാൻഡ് ബോളാണെന്നു വിളിച്ച റഫറി പെനൽട്ടി സ്പോട്ടിലേക്ക് കൈ ചൂണ്ടി. അത് ഹാൻഡ്ബോളല്ലെന്ന് ടിവി റീപ്ലേകളിൽ വ്യക്തമായിരുന്നു. കിക്കെടുത്ത അസമൊവ്വ ഗ്യാൻ അനായാസം ഫിനിഷ് ചെയ്തു.

ശേഷം, ഇരു ടീമുകളും ഒരു ജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 9ആം സ്ഥാനത്താണ്. 9 കളികളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയും അഞ്ച് സമനിലയുമുള്ള നോർത്ത് ഈസ്റ്റാവട്ടെ പട്ടികയിൽ ഏഴാമതും.

Story Highlights: ISL, Kerala Blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here