ഗാംഗുലിയുടെ റെസ്റ്റോറന്റ് താനും സച്ചിനും കൂടിയാണ് ഉദ്ഘാടനം ചെയ്തത്; കനേരിയക്ക് ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് ഇൻസമാം

ഹിന്ദുവായതു കൊണ്ട് ഡാനിഷ് കനേരിയ പാകിസ്താൻ ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന ഷൊഐബ് അക്തറിൻ്റെ വെളിപ്പെടുത്തൽ തള്ളി മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. തൻ്റെ നായകത്വത്തിനു കീഴിലാണ് കനേരിയ ഏറെ കളിച്ചതെന്നും ആ സമയത്ത് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇൻസമാം പറഞ്ഞു. ഇന്ത്യ- പാകിസ്താൻ താരങ്ങൾ തമ്മിലുള്ള സൗഹൃദത്തെപ്പറ്റിയും ഇൻസമാം വാചാലനായി.
“യൂസുഫ് യോഹന്ന അന്ന് ടീമിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഇസ്ലാം സ്വീകരിച്ച് മുഹമ്മദ് യൂസുഫ് ആയി. മുസ്ലിം ആകുന്നതിനു മുൻപ് അദ്ദേഹത്തിന് ടീമിനുള്ളിൽ യാതൊരു വിവേചനവും നേരിട്ടിട്ടില്ല. പാകിസ്താൻ്റെ പാരമ്പര്യം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. 15 വർഷങ്ങൾക്കു ശേഷം ഇന്ത്യ പകിസ്താനിൽ കളീക്കാനെത്തിയപ്പോൾ ഹൃദയം കൊണ്ടാണ് ഞങ്ങൾ അവരെ സ്വീകരിച്ചത്. അവർ ഭക്ഷണം കഴിച്ചപ്പോഴോ, ഷോപ്പിംഗിനു പോയപ്പോഴോ ഒന്നും ഞങ്ങൾ അവരിൽ നിന്ന് പണം വാങ്ങിയില്ല. ഒരു വർഷത്തിനു ശേഷം ഞങ്ങൾ ഇന്ത്യയിൽ പര്യടനത്തിനായി പോയപ്പോൽ ഇന്ത്യയും ഞങ്ങളെ അങ്ങനെ തന്നെയാണ് സ്വീകരിച്ചത്. അവരുടെ വീടുകളിലേക്ക് ഞങ്ങളെ അതിഥികളായി ക്ഷണിക്കുകയും ഞങ്ങൾക്കു വേണ്ടി അവർ ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു”- ഇൻസമാം പറയുന്നു.
2005ലെ പരമ്പരക്ക് മുൻപ് ഒരു ഷൂട്ടിനായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മറ്റൊരു സംഭവവും അദ്ദേഹം വിശദീകരിച്ചു. ആ സമയത്ത് ഗാംഗുലി ഒരു റെസ്റ്റോറൻ്റ് തുടങ്ങിയിരുന്നുവെന്നും താനും സച്ചിനും കൂടിയാണ് റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്തതെന്നും ഇൻസമാം പറഞ്ഞു. ആ റെസ്റ്റോറൻ്റിൽ നിന്ന് ഗാംഗുലി തനിക്ക് ഭക്ഷണം വരുത്തി നൽകിയിരുന്നു. ഷാർജയിലും മറ്റും പരമ്പരകൾക്ക് പോകുമ്പോഴും ഇരു ടീമുകളും ഒരു ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്. കനേരിയ പറഞ്ഞതു പോലൊരു വിവേചനം എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here