പൂജപ്പുര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം

തിരുവനന്തപുരം പൂജപ്പുര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കളുടെ ആരോപണം. നീറമണ്‍കര സ്വദേശിനി വിശാലാക്ഷിയും കുഞ്ഞുമാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഈ മാസം 19 നാണ് ഗര്‍ഭിണിയായ വിശാലാക്ഷിയെ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെ വിശാലാക്ഷിയെ തിരുവനന്തപുരം മെഡിക്കല്‍ കേളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ചികിത്സാപ്പിഴവാണ് മരണകാരണം എന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചു. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here